കേന്ദ്രസംഘത്തിൽ തൃണമൂൽ പ്രതിനിധി ഉണ്ടാകില്ലെന്ന് വ്യക്തമാക്കി മമത

കൊൽക്കത്ത: പഹൽഗാം ഭീകരാക്രമണത്തിനും ഓപ്പറേഷൻ സിന്ദൂറിനും പിന്നാലെ ഭീകരതയ്‌ക്കെതിരായ ഇന്ത്യയുടെ ശക്തമായ സന്ദേശം അറിയിക്കുന്നതിനായി വിദേശരാജ്യങ്ങളിലേക്കയക്കുന്ന പ്രതിനിധി സംഘത്തിൽ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കി തൃണമൂൽ കോൺഗ്രസ്. വിദേശത്തേക്കയക്കുന്ന ഏഴ് സർവകക്ഷി സംഘങ്ങളിൽ തങ്ങളുടെ സാന്നിധ്യമുണ്ടാവില്ലെന്ന് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി കേന്ദ്രത്തെ അറിയിച്ചു. പ്രതിനിധി സംഘങ്ങളിലൊന്നിൽ ഉൾപ്പെട്ട ലോക്‌സഭാ എം.പി. യൂസഫ് പത്താനോട് ഔദ്യോഗിക സന്ദർശനത്തിൽ പങ്കെടുക്കരുതെന്ന് പാർട്ടി നിർദേശിച്ചതായാണ് സൂചന. എന്നാൽ, വിട്ടുനിൽക്കുന്നതിന്റെ കാരണം ടിഎംസി ഔദ്യോഗികമായി ഇതുവരെ വ്യക്തമാക്കിട്ടില്ല. തീവ്രവാദത്തെക്കുറിച്ചുള്ള ഇന്ത്യയുടെ നിലപാടിന് നയതന്ത്ര പിന്തുണ വർധിപ്പിക്കുക ലക്ഷ്യമിട്ട് ഐക്യരാഷ്ട്രസഭ സുരക്ഷാ കൗൺസിലിലെ അംഗരാജ്യങ്ങളുൾപ്പെടെയുള്ള പ്രധാന രാജ്യങ്ങളിലേക്ക് ഏഴ് ബഹുകക്ഷി പ്രതിനിധികളെ അയക്കുമെന്ന് കേന്ദ്രം നേരത്തേ വ്യക്തമാക്കിരുന്നു. ശശി തരൂർ , രവിശങ്കർ പ്രസാദ്, ബൈജയന്ത് പാണ്ഡെ , സഞ്ജയ് കുമാർ ഝാ , കനിമൊഴി , സുപ്രിയ സുലേ , ശ്രീകാന്ത് ഷിൻഡേ എന്നിവരാണ് ഏഴ് സംഘത്തെ നയിക്കുക. എം.പി.മാരും കേന്ദ്ര മന്തിമാരും ഉൾപ്പെടെ 51 രാഷ്ട്രീയ നേതാക്കൾ 32 രാജ്യങ്ങളും യൂറോപ്യൻ യൂണിയൻ ആസ്ഥാനവും സന്ദർശിക്കും. നിലവിൽ പാർലമെന്റ് അംഗങ്ങളല്ലാത്ത മുൻ കേന്ദ്രമന്ത്രിമാരായ ഗുലാം നബി ആസാദ്, എംജെ അക്ബർ, ആനന്ദ് ശർമ, വി. മുരളീധരൻ, സൽമാൻ ഖുർഷിദ്, എസ്എസ് അലുവാലിയ എന്നിവരും പ്രതിനിധി സംഘത്തിൽ ഉൾപ്പെടുന്നു.