പൊതു ആവശ്യങ്ങൾക്ക് ഭൂമി ഏറ്റെടുക്കുന്നതിൽനിന്ന് ഒഴിവാകാൻ മതസ്ഥാപനങ്ങൾക്ക് പ്രത്യേക അവകാശമൊന്നുമില്ലെന്ന് മദ്രാസ് ഹൈക്കോടതി

(c)PragMatrix
പൊതു ആവശ്യങ്ങൾക്ക് ഭൂമി ഏറ്റെടുക്കുന്നതിൽനിന്ന് ഒഴിവാകാൻ മതസ്ഥാപനങ്ങൾക്ക് പ്രത്യേക അവകാശമൊന്നുമില്ലെന്ന് മദ്രാസ് ഹൈക്കോടതി . ജനലക്ഷങ്ങൾക്ക് പ്രയോജനപ്പെടുന്ന മെട്രോ റെയിൽ പദ്ധതിക്കുവേണ്ടി ക്ഷേത്രഭൂമി ഏറ്റെടുത്താൽ ദൈവാനുഗ്രഹം ലഭിക്കുകയേയുള്ളൂവെന്ന് ജസ്റ്റിസ് ആനന്ദ് വെങ്കടേഷിന്റെ ബെഞ്ച് ചൊവ്വാഴ്ച വ്യക്തമാക്കി. മെട്രോ റെയിൽ നിർമാണത്തിനു വേണ്ടി രണ്ടു ക്ഷേത്രങ്ങളുടെ ഭൂമി ഏറ്റെടുക്കാനുള്ള പദ്ധതിയുമായി മുന്നോട്ടുപോകാൻ ചെന്നൈ മെട്രോ റെയിൽ കോർപ്പറേഷന് അനുമതി നൽകിക്കൊണ്ടാണ് ഹൈക്കോടതി വിധി. ക്ഷേത്രഭൂമി ഒഴിവാക്കുന്നതിനായി പൊതുമേഖലാ ഇൻഷുറൻസ് കമ്പനിയുടെ പുതിയ കെട്ടിടമടങ്ങുന്ന സ്ഥലം ഏറ്റെടുക്കാനുള്ള ബദൽനീക്കം കോടതി തടഞ്ഞു. സമാനമായൊരു കേസിൽ കേരള ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ് ഉദ്ധരിച്ചുകൊണ്ടാണ് ക്ഷേത്ര ഭൂമി ഏറ്റെടുക്കാൻ മദ്രാസ് ഹൈക്കോടതി അനുമതി നൽകിയത്. ദേശീയപാതയുടെ വികസനത്തിന് മതസ്ഥാപനങ്ങളുടെ ഭൂമി ഏറ്റെടുക്കേണ്ടിവന്നാൽ ദൈവം നമ്മോട് ക്ഷമിക്കും എന്നായിരുന്നു കേരള ഹൈക്കോടതിയിലെ ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ വ്യക്തമാക്കിയത്. ജനങ്ങൾക്ക് ഉപകാരപ്പെടുന്ന മെട്രോ റെയിലിന് ഭൂമി ഏറ്റെടുക്കാൻ അനുമതി നൽകിയാൽ ഹർജിക്കാരെയും അധികൃതരെയും വിധി പുറപ്പെടുവിച്ച കോടതിയെയും ദൈവം സംരക്ഷിക്കുമെന്നാണ് താൻ വിശ്വസിക്കുന്നതെന്ന് ജസ്റ്റിസ് ആനന്ദ് വെങ്കടേഷ് വ്യക്തമാക്കി. മെട്രോപാത വരുന്നതിന്റെ പ്രയോജനം ലഭിക്കുന്നവരിൽ അതേ ക്ഷേത്രത്തിൽ പോവുന്ന വിശ്വാസികളും ഉണ്ടാവുമെന്ന് കോടതി കൂട്ടിച്ചേർത്തു. ചെന്നൈയിലെ രത്തിന വിനായകർ ക്ഷേത്രത്തിന്റെയും ദുർഗാ അമ്മൻ ക്ഷേത്രത്തിന്റെയും ഭൂമിയുടെ ഒരു ഭാഗമാണ് മെട്രോ പാതയ്ക്കുവേണ്ടി ഏറ്റെടുക്കുന്നത്. ഇതിനെതിരേ വിശ്വാസികൾ നൽകിയ ഹർജി പരിഗണിച്ചാണ് ഇൻഷുറൻസ് കമ്പനിയുടെ സ്ഥലം ഏറ്റെടുക്കാൻ തീരുമാനിച്ചത്.