2027-ല്‍ നടക്കാനിരിക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ തുടങ്ങാനും സംഘടനയെ ശക്തിപ്പെടുത്താനും കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്ത് ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി

Congress leader Rahul Gandhi
2027-ല്‍ നടക്കാനിരിക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ തുടങ്ങാനും സംഘടനയെ ശക്തിപ്പെടുത്താനും കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്ത് ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി. റായ്ബറേലിയിലെ വസതില്‍ പാര്‍ട്ടി പ്രവര്‍ത്തകരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് രാഹുല്‍ ഇക്കാര്യം വ്യക്തമാക്കിയത്. പാര്‍ട്ടി പ്രവര്‍ത്തകര്‍ ദളിതരുടെ പ്രശ്‌നങ്ങള്‍ ഉള്‍പ്പെടെ വിവിധ വിഷയങ്ങള്‍ രാഹുല്‍ ഗാന്ധിക്ക് മുന്നില്‍ ഉന്നയിച്ചു. 12 അംഗ പ്രതിനിധി സംഘമാണ് രാഹുല്‍ ഗാന്ധിയെ സന്ദര്‍ശിച്ചതെന്ന് കോണ്‍ഗ്രസിന്റെ പട്ടികജാതി വിഭാഗം അധ്യക്ഷന്‍ സുനില്‍ കുമാര്‍ ഗൗതം വ്യക്തമാക്കി. ബി.ജെ.പി. അധികാരത്തിലെത്തിയതുമുതല്‍ പട്ടികജാതിക്കാര്‍ നേരിടുന്ന വിവിധ വിഷയങ്ങള്‍ രാഹുലിന്റെ ശ്രദ്ധയില്‍ പെടുത്തി. വാത്മീകി സമുദായത്തില്‍ പെട്ട ശുചീകരണ തൊഴിലാളികള്‍ യാതൊരു സുരക്ഷാസംവിധാനവുമില്ലാതെ മുന്‍സിപ്പാലിറ്റികളില്‍ ജോലി ചെയ്യാന്‍ നിര്‍ബന്ധിതരാകുന്നതാണ് ഇതില്‍ പ്രധാനപ്പെട്ടത്. ഇത് സുപ്രീംകോടതി വിധിക്കെതിരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തന്നെ കാണാനെത്തിയ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും ജനങ്ങള്‍ക്കും പറയാനുള്ള കാര്യങ്ങള്‍ രാഹുല്‍ ഗാന്ധി കേള്‍ക്കുകയും പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്ന് ഉറപ്പുനല്‍കുകയും ചെയ്തു. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് പ്രതിപക്ഷനേതാവ് സ്വന്തം മണ്ഡലത്തിലെത്തിയത്. സന്ദര്‍ശനം പൂര്‍ത്തിയാക്കിയ രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍ നിന്ന് റോഡ് മാര്‍ഗം ലഖ്‌നൗവിലേക്കും അവിടെനിന്ന് ഡല്‍ഹിയിലേക്കും മടങ്ങി പോയി.