ഡൽഹി എൻസിആറിൽ ശക്തമായ ഭൂചലനം അനുഭവപ്പെട്ട് മണിക്കൂറുകൾക്ക് ശേഷം ബിഹാറിലും ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ട്

ഡൽഹി എൻസിആറിൽ ശക്തമായ ഭൂചലനം അനുഭവപ്പെട്ട് മണിക്കൂറുകൾക്ക് ശേഷം ബിഹാറിലും ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ട്. റിക്ടർ സ്കെയിലിൽ 4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. തിങ്കളാഴ്ച രാവിലെ 8.27 ന് 10 കിലോമീറ്റർ താഴെയാണ് ഭൂചലനം അനുഭവപ്പെട്ടത്. ഇതുവരെ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം ബീഹാറിലെ സിവാൻ ജില്ലയാണെന്ന് നാഷണൽ സെന്റർ ഓഫ് സീസ്‌മോളജി വ്യക്തമാക്കി. തിങ്കളാഴ്ച രാവിലെ 5.36 ന് ഡൽഹിയിൽ റിക്ടർ സ്കെയിലിൽ 4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായി മൂന്ന് മണിക്കൂറിന് ശേഷമാണ് ബിഹാറിലും ഭൂചലനം ഉണ്ടായത്. ഡൽഹിയിൽ 5 കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ഡൽഹി, നോയിഡ, ഗ്രേറ്റർ നോയിഡ, ഗാസിയാബാദ് എന്നിവിടങ്ങളിൽ ശക്തമായ ചലനം അനുഭവപ്പെട്ടതായാണ് വിവരം ഉപരിതലത്തിൽ നിന്ന് അഞ്ച് അല്ലെങ്കിൽ പത്ത് കിലോമീറ്റർ താഴെയായി ഉണ്ടാകുന്ന ആഴം കുറഞ്ഞ ഭൂകമ്പങ്ങൾ കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടാക്കാൻ സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.