രാജ്യത്തെ 10,000 പേരുടെ ജനിതക ഡേറ്റ ഗവേഷണ ആവശ്യങ്ങൾക്കായി കേന്ദ്രസർക്കാർ തുറന്നുകൊടുത്തു

 രാജ്യത്തെ 10,000 പേരുടെ ജനിതക ഡേറ്റ ഗവേഷണ ആവശ്യങ്ങൾക്കായി കേന്ദ്രസർക്കാർ തുറന്നുകൊടുത്തു

ഡൽഹി: രാജ്യത്തെ 10,000 പേരുടെ ജനിതക ഡേറ്റ ഗവേഷണ ആവശ്യങ്ങൾക്കായി കേന്ദ്രസർക്കാർ തുറന്നുകൊടുത്തു. ദേശീയതലത്തിൽ ജനിതക ഡേറ്റബേസ് തയാറാക്കാനായി ‘ജീനോം ഇന്ത്യ’ പദ്ധതിയുടെ ഭാഗമായി രാജ്യമാകെ 19,000 പേരുടെ രക്തസാംപിളുകളാണു വ്യക്തികളുടെ അനുമതിയോടെ എടുത്തത്. ഇതിൽ ജനിതക ശ്രേണീകരണം പൂർത്തിയായ 10,000 സാംപിളുകളാണു പുറത്തുവിട്ടത്. കേരളത്തിൽനിന്ന് 7 ജനസംഖ്യാവിഭാഗങ്ങളിൽ നിന്നായി 1,851 പേരുടെ സാംപിൾ എടുത്തിരുന്നു. രാജ്യമാകെ 99 ജനസംഖ്യാവിഭാഗങ്ങളുടേതായി 10 ലക്ഷം പേരുടെ ജനിതക സാംപിളുകൾ ശേഖരിക്കുകയാണു സർക്കാരിന്റെ ലക്ഷ്യം. കേന്ദ്ര ബയോടെക്നോളജി വകുപ്പിന്റെ കീഴിൽ രാജ്യത്തെ 20 ശാസ്ത്രഗവേഷണ സ്ഥാപനങ്ങൾ ചേർന്ന് 3 വർഷം കൊണ്ടാണ് ആദ്യഘട്ട ഗവേഷണം പൂർത്തിയാക്കിയത്. കേരളത്തിൽനിന്ന് തിരുവനന്തപുരത്തെ രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയാണ് സാംപിളുകൾ ശേഖരിച്ചത്. ഇന്ത്യൻ ബയോളജിക്കൽ ഡേറ്റ സെന്റർ ആർക്കൈവ് ചെയ്തിരിക്കുന്ന ഡേറ്റ അവരുടെ പോർട്ടൽ വഴിയാണു ഗവേഷകർക്കു നൽകുന്നത്. വ്യക്തികളെ തിരിച്ചറിയുന്ന ഒരു വിവരവും ഇതിലുണ്ടാകില്ല. ബെംഗളൂരുവിലെ സെന്റർ ഫോർ ബ്രെയിൻ റിസർച് ആണ് പദ്ധതിക്കു നേതൃത്വം നൽകുന്നത്. ചികിത്സയ്ക്ക് ഗുണമാകുന്ന ഇന്ത്യൻ ജനസംഖ്യയുടെ ജനിതകവ്യത്യാസവും ജനിതകചരിത്രവും കണ്ടെത്തുകയാണു ലക്ഷ്യം. അർബുദം അടക്കം വിവിധ രോഗങ്ങൾക്കു പിന്നിലുള്ള ജനിതക കാരണവും ഇതുവഴി മനസ്സിലാക്കാം. ജനിതകരോഗങ്ങൾക്കുള്ള ചികിത്സ നേരത്തേ തുടങ്ങാനും ശ്രേണീകരണം ഉപകരിക്കും. മരുന്നുകൾ വികസിപ്പിക്കാനും വ്യത്യസ്ത ജനവിഭാഗങ്ങൾ മരുന്നുകളോടു പ്രതികരിക്കുന്ന രീതി പഠിക്കാനും ഇതു സഹായിക്കും.

Online News

Related post

Leave a Reply

Your email address will not be published. Required fields are marked *