സഭയില്‍ സംസാരിക്കാന്‍ അനുമതി നല്‍കുന്നില്ലെന്ന പരാതിയുമായി കോണ്‍ഗ്രസ് എം.പി. രാഹുല്‍ ഗാന്ധി

Congress leader Rahul Gandhi
സഭയില്‍ സംസാരിക്കാന്‍ അനുമതി നല്‍കുന്നില്ലെന്ന പരാതിയുമായി കോണ്‍ഗ്രസ് എം.പി. രാഹുല്‍ ഗാന്ധി. കഴിഞ്ഞ ഒരാഴ്ചയായി വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് സംസാരിക്കാനൊരുങ്ങുമ്പോള്‍ സ്പീക്കര്‍ ഓം ബിര്‍ള അനുമതി നിഷേധിക്കുന്നുവെന്നാണ് രാഹുല്‍ പരാതി ഉന്നയിച്ചിരിക്കുന്നത്. എന്താണ് സംഭവിക്കുന്നതെന്ന് തനിക്ക് മനസ്സിലാകുന്നില്ലെന്നും തന്നെ സഭയില്‍ സംസാരിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ സ്പീക്കര്‍ ധൃതിയില്‍ ഇറങ്ങിപ്പോയതായും രാഹുല്‍ മാധ്യമങ്ങളോട് വ്യക്തമാക്കി. ഇത്തരത്തിലല്ല സഭ നടത്തേണ്ടതെന്നും തന്നെക്കുറിച്ച് സ്പീക്കര്‍ കഴമ്പില്ലാത്ത കാര്യങ്ങളാണ് പറയുന്നതെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി . സഭ പിരിച്ചുവിടേണ്ട സാഹചര്യമില്ലാതിരുന്നിട്ടും സ്പീക്കര്‍ അത്തരത്തില്‍ പ്രവര്‍ത്തിച്ചതായും രാഹുല്‍ ആരോപിച്ചു. ഏഴെട്ട് ദിവസം പ്രതിപക്ഷത്തെ സംസാരിക്കാന്‍ അനുവദിച്ചില്ലെന്നും കുഭമേളയെക്കുറിച്ച് പ്രധാനമന്ത്രി സംസാരിച്ച ദിവസം താന്‍ തൊഴിലില്ലായ്മ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍ അനുമതി നിഷേധിച്ചതായും ഇത്തരത്തിലുള്ള നടപടി ജനാധിപത്യവിരുദ്ധമാണെന്നും രാഹുല്‍ വ്യക്തമാക്കി. എഴുപതോളം കോണ്‍ഗ്രസ് എം.പിമാര്‍ ലോക്‌സഭാ സ്പീക്കറെ കണ്ട് രാഹുലിനെ സഭയില്‍ സംസാരിക്കാന്‍ അനുവദിക്കാത്തത് സഭാനടപടികള്‍ക്ക് വിരുദ്ധമാണെന്ന് ധരിപ്പിച്ചു. താന്‍ തെറ്റായ രീതിയില്‍ പ്രവര്‍ത്തിച്ചതായി സ്പീക്കര്‍ പറഞ്ഞതായും അച്ചടക്കത്തോടെയാണ് സഭയിലിരുന്നതെന്നും രാഹുല്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതും എം.പിമാര്‍ സ്പീക്കറെ അറിയിച്ചു. എന്നാല്‍ എം.പിമാരുടെ ആവശ്യം അംഗീകരിക്കാന്‍ സ്പീക്കര്‍ തയ്യാറായില്ല.