കേരളത്തിലെ നേതാക്കളെല്ലാം ഒരുമിച്ചുനിൽക്കുന്ന ചിത്രം പങ്കുവെച്ച് കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി

Congress leader Rahul Gandhi
ശശി തരൂർ വിഷയത്തിൽ കേരളത്തിലെ കോൺഗ്രസ് നേതാക്കൾ പരസ്യമായി പ്രസ്താവനകൾ നടത്തിയതിന് പിന്നാലെ കേരളത്തിലെ നേതാക്കളെല്ലാം ഒരുമിച്ചുനിൽക്കുന്ന ചിത്രം പങ്കുവെച്ച് കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി. ഡൽഹിയിൽ കേരളത്തിൽനിന്നുള്ള നേതാക്കളുടെ യോഗത്തിന് പിന്നാലെയാണ് രാഹുൽഗാന്ധി വ്യത്യസ്തമായ ചിത്രം സാമൂഹികമാധ്യമത്തിൽ പങ്കുവെച്ചത്. മുന്നിലുള്ള ലക്ഷ്യത്തിന്റെ വെളിച്ചത്തിൽ അവർ ഒന്നായി നിലകൊള്ളുന്നു, ടീം കേരള’ എന്ന കുറിപ്പോടെയാണ് രാഹുൽഗാന്ധി ചിത്രം പോസ്റ്റ് ചെയ്യിതിരിക്കുന്നത്. ഡൽഹിയിലെ യോഗത്തിന് ശേഷം നേതാക്കൾ മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ ഇവരുടെ പിറകിൽനിന്ന് പകർത്തിയ ചിത്രമായിരുന്നു അത് . കെ.സുധാകരൻ, രമേശ് ചെന്നിത്തല, ശശി തരൂർ, കെ.സി. വേണുഗോപാൽ, കേരളത്തിന്റെ ചുമതലയുള്ള ദീപാ ദാസ് മുൻഷി, വി.ഡി. സതീശൻ, കൊടിക്കുന്നിൽ സുരേഷ്, എം.എം. ഹസ്സൻ തുടങ്ങിയവരും ചിത്രത്തിലുണ്ട് . രാഹുൽഗാന്ധി ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത ചിത്രത്തെ ആവേശത്തോടെയാണ് കേരളത്തിൽനിന്നുള്ള കോൺഗ്രസ് നേതാക്കളും പ്രവർത്തകരും ഏറ്റെടുത്തത്. മുന്നോട്ടുള്ള യാത്ര ശോഭനമാകട്ടെയെന്ന് സന്ദീപ് വാര്യരും കേരളത്തിനായി ഒറ്റക്കെട്ടെന്ന് ഷാഫി പറമ്പിലും ചിത്രത്തിന് കമന്റ് ചെയ്തു. ചിത്രത്തിന് ഇതുവരെ 12,000-ലേറെ ലൈക്കും ലഭിച്ചു