കോൺഗ്രസ് നേതാവായിരിക്കുകയും ബിജെപിക്കായി പ്രവർത്തിക്കുകയും ചെയ്യുന്നവരെ പാർട്ടിയിൽനിന്നു പുറത്താക്കിയുള്ള ശുദ്ധീകരണമാണ് ഗുജറാത്തിൽ തന്റെ അടിയന്തര ലക്ഷ്യമെന്നു കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി

Congress leader Rahul Gandhi
കോൺഗ്രസ് നേതാവായിരിക്കുകയും ബിജെപിക്കായി പ്രവർത്തിക്കുകയും ചെയ്യുന്നവരെ പാർട്ടിയിൽനിന്നു പുറത്താക്കിയുള്ള ശുദ്ധീകരണമാണ് ഗുജറാത്തിൽ തന്റെ അടിയന്തര ലക്ഷ്യമെന്നു കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ബിജെപിയുടെ ബി ടീമിനെയല്ല ജനങ്ങൾക്കു വേണ്ടതെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കി. സംസ്ഥാനത്തു കോൺഗ്രസിനു രക്ഷപ്പെടണമെങ്കിൽ പത്തുനാൽപതു നേതാക്കളെ പുറത്താക്കാതെ രക്ഷയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗുജറാത്തിൽ, ബ്ലോക്ക്, ഡിസിസി, രാഷ്ട്രീയകാര്യ സമിതി എന്നീ തട്ടുകളിലുള്ള നേതാക്കളുമായി മാരത്തൺ ചർച്ച നടത്തിയ ശേഷമാണു പാർട്ടി പ്രവർത്തകരുടെ യോഗത്തിൽ രാഹുലിന്റെ അസാധാരണ പ്രഖ്യാപനം. തന്റെ മുന്നിലിരിക്കുന്ന നേതാക്കളിൽ രണ്ടു തരം ആളുകളുണ്ട്. ജനത്തിനൊപ്പംനിന്നു ഹൃദയത്തിൽ കോൺഗ്രസ് ആശയം കൊണ്ടുനടക്കുന്നവരാണ് ഒരു വിഭാഗം. അവരിൽ പകുതിയോളം പേരും ബിജെപിയിൽ ചേർന്നു. ഇതിനെ രണ്ടായി കാണാത്തിടത്തോളം ജനം കോൺഗ്രസിനെ സ്വീകരിക്കില്ല. ഗുജറാത്തിൽ ഈ തരംതിരിവ് അനിവാര്യമാണ്. പത്തോ നാൽപതോ പേരെ പുറത്താക്കണം. കോൺഗ്രസിനുള്ളിൽ നിന്ന് ബിജെപിക്കായി പ്രവർത്തിക്കുന്നവരാണ് അവർ. അത്തരക്കാർക്ക് ഇവിടെ ഇടമില്ല. അവരെ പുറത്താക്കും. എത്രയും വേഗം അതു ചെയ്യുകയാണ് ആദ്യ കടമ്പ. ആദ്യം വേണ്ടത് ഈ ശുദ്ധീകരണമാണ്. അതിനായി ഗുജറാത്തിൽ എവിടേക്ക് വിളിച്ചാലും ഞാൻ വരാൻ തയാറാണ്. ഈ സംസ്ഥാനത്തെ എനിക്കു മനസ്സിലാക്കണമെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.