ധനമന്ത്രി നിർമല സീതാരാമനുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ അതിവേഗറെയിൽപ്പാതയും മുഖ്യമന്ത്രി പിണറായി വിജയൻ ഉയർത്തി

ധനമന്ത്രി നിർമല സീതാരാമനുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ അതിവേഗറെയിൽപ്പാതയും മുഖ്യമന്ത്രി പിണറായി വിജയൻ ഉയർത്തി. കെ-റെയിൽ സമർപ്പിച്ച പദ്ധതിരേഖയോട് സംസ്ഥാന ബിജെപി നേതൃത്വമുൾപ്പെടെ എതിർപ്പറിയിച്ചതിനാൽ മെട്രോമാൻ ഇ. ശ്രീധരൻ സമർപ്പിച്ച ബദൽപദ്ധതിയായാലും അംഗീകരിച്ചുകിട്ടണമെന്നാണ് ആവശ്യം. ഇക്കാര്യം പരിശോധിച്ച് നടപടി വേഗത്തിലാക്കാമെന്ന് ധനമന്ത്രി നിർദ്ദേശിച്ചു. വന്ദേഭാരത് എക്‌സ്പ്രസിന് കേരളത്തിൽ ലഭിച്ച സ്വീകാര്യത അതിവേഗ റെയിൽപദ്ധതിയുടെ ആവശ്യകതയിലേക്ക് വിരൽ ചൂണ്ടുന്നുവെന്നാണ് സംസ്ഥാനസർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നത്. അതിവേഗ റെയിൽപദ്ധതിക്കുള്ള അംഗീകാരത്തോടൊപ്പം ദേശീയപാതാ വികസനവും കൂടിയാകുമ്പോൾ ഇടതുസർക്കാരിന് കേരളത്തിൽ മൂന്നാമതും ഭരണം സാധ്യമാകുമെന്നാണ് സിപിഎമ്മിന്റെയും മുഖ്യമന്ത്രിയുടെയും പ്രതീക്ഷ. ക്ഷേമപെൻഷൻ തുക തിരഞ്ഞെടുപ്പിനുമുൻപായി ഉയർത്തുന്നതും സംസ്ഥാനപരിഗണനയിലാണ്. ഇത്തരം കാര്യങ്ങൾക്ക് സാമ്പത്തികഞെരുക്കം തടസ്സമാകാതിരിക്കണമെന്നതാണ് കേന്ദ്രസർക്കാരിനോട് അനുനയപാതയിലേക്ക് തിരിയാൻ സംസ്ഥാനത്തെ പ്രേരിപ്പിക്കുന്ന മുഖ്യഘടകം. ഗവർണർ രാജേന്ദ്രവിശ്വനാഥ് ആർലേക്കറിന് പുറമേ സംസ്ഥാനസർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി കെ.വി. തോമസ്, സംസ്ഥാന ധനകാര്യസെക്രട്ടറി ഡോ. എ. ജയതിലക്, കേന്ദ്ര ധനവകുപ്പ് ജോയിന്റ് സെക്രട്ടറി പങ്കജ് ശർമ തുടങ്ങിയവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. നിർമലയ്ക്ക് പ്രിയപ്പെട്ട അപ്പം, സ്റ്റ്യൂ, പുട്ട്, ഏത്തപ്പഴം പുഴുങ്ങിയത് എന്നിവയായിരുന്നു പ്രാതൽവിഭവങ്ങൾ.