അനുഗ്രഹവരദായിനിയായ ആറ്റുകാലമ്മയുടെ കാൽക്കൽ സ്വയംസമർപ്പിച്ച്, പൊങ്കാലയടുപ്പിൽനിന്ന് മനസ്സുകളിലേയ്ക്ക് ഭക്തിയുടെ അഗ്നിപകർന്ന് ആറ്റുകാൽ പൊങ്കാല

അനുഗ്രഹവരദായിനിയായ ആറ്റുകാലമ്മയുടെ കാൽക്കൽ സ്വയംസമർപ്പിച്ച്, പൊങ്കാലയടുപ്പിൽനിന്ന് മനസ്സുകളിലേയ്ക്ക് ഭക്തിയുടെ അഗ്നിപകർന്ന് ആറ്റുകാൽ പൊങ്കാല. രാവിലെ 10.15-ന് ക്ഷേത്രത്തിനുമുന്നിലെ പണ്ടാരയടുപ്പിൽ തീ പകർന്നതോടെയാണ് പൊങ്കാലയ്ക്ക് തുടക്കം കുറിച്ചു. തന്ത്രി പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാടിന്റെ സാന്നിധ്യത്തിൽ മേൽശാന്തി വി. മുരളീധരൻ നമ്പൂതിരിയാണ് തിടപ്പള്ളിയിലെ പൊങ്കാല അടുപ്പിൽ അഗ്നിപകർന്ന് നൽകിയത്. തുടർന്ന് ക്ഷേത്രത്തിനു മുന്നിലൊരുക്കിയ പണ്ടാര അടുപ്പിലും അവിടെനിന്ന് ഭക്തർ ഒരുക്കിയ അടുപ്പുകളിലേയ്ക്കും പകർന്നു കൊടുത്തു. ആധികളെ അഗ്നിനാളങ്ങൾക്ക് വിട്ടുകൊടുത്ത്, ഭക്തിയുടെ പൊങ്കാല നിവേദിക്കുന്നതിന് ആയിരങ്ങളാണ് കടുത്ത ചൂടിനെയും അവഗണിച്ച് കാത്തിരിക്കുന്നത്. ഉച്ചയ്ക്ക് 1.15-നാണ് പൊങ്കാല നിവേദ്യം. വൈകീട്ട് 7.45-ന് കുത്തിയോട്ട നേർച്ചക്കാർക്കുള്ള ചൂരൽകുത്ത്. 582 ബാലന്മാരാണ് ഇക്കുറി കുത്തിയോട്ടത്തിനുള്ളത്. രാത്രി 11.15-ന് മണക്കാട് ശാസ്താക്ഷേത്രത്തിലേക്ക് ദേവിയെ എഴുന്നള്ളിക്കും. വെള്ളിയാഴ്ച രാവിലെ എഴുന്നള്ളത്ത് തിരിച്ച് ക്ഷേത്രത്തിലെത്തും. രാത്രി 10-ന് കാപ്പഴിച്ച് കുടിയിളക്കിയശേഷം ഒരു മണിക്ക് നടക്കുന്ന കുരുതി സമർപ്പണത്തോടെ പൊങ്കാല ഉത്സവം സമാപിക്കും.