‘തന്നെ ഗംഗാ മാതാവ് ദത്തെടുത്തു’, വികാരാധീനനായി പ്രധാനമന്ത്രി

ലക്നൗ: പത്രിക സമര്‍പ്പണത്തിനിടെ വികാരാധീനനായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗംഗാ മാതാവ് തന്നെ ദത്തെടുത്തെന്നും കാശിയിലെ ജനങ്ങളുടെ സ്നേഹം തന്നെ ബനാറസിയന്‍ ആക്കി മാറ്റിയെന്നും പ്രധാനമന്ത്രി പറഞ്ഞു. പത്രികാ സമര്‍പ്പണത്തിന് മുന്നോടിയായി മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഗംഗാ മാതാവ് എന്നെ വിളിച്ചു. ദൈവത്തെ ആരാധിക്കുന്നതായി കണക്കാക്കിയാണ് ഞാന്‍ എന്റെ എല്ലാ ജോലികളും ചെയ്യുന്നത്. ജനങ്ങളുടെ സ്നേഹം കാണുമ്പോള്‍ എന്റെ ഉത്തരവാദിത്തം എല്ലാദിവസവും വര്‍ദ്ധിക്കുകയാണെന്ന് മനസിലാവുന്നു’- വാരാണസിയുമായുള്ള പത്തുവര്‍ഷത്തെ ബന്ധം ഓര്‍ത്തുകൊണ്ട് മോദി വികാരാധീനനായി. തന്റെ മാതാവ് ഹീരാബെന്‍ മോദി നല്കിയ ഉപദേശവും അദ്ദേഹം ഓര്‍ത്തു. ‘എന്റെ അമ്മയുടെ നൂറാം ജന്മദിനത്തില് ഞാന്‍ സന്ദര്‍ശിക്കാന്‍ എത്തിയപ്പോള്‍ എനിക്ക് വലിയൊരു ഉപദേശം നല്കി. എപ്പോഴും രണ്ട് കാര്യങ്ങള്‍ മനസില്‍ ഓര്‍ക്കണമെന്ന് എന്നോട് പറഞ്ഞു. ഒരിക്കലും കൈക്കൂലി വാങ്ങരുതെന്നും പാവപ്പെട്ടവരെ മറക്കരുതെന്നും അമ്മ എന്നെ ഉപദേശിച്ചു. ബുദ്ധിയോടെ പ്രവര്‍ത്തിച്ച് ലളിതമായ ജീവിതം നയിക്കണമെന്നും അമ്മ പറഞ്ഞു’- പ്രധാനമന്ത്രി വെളിപ്പെടുത്തി.