വിവാഹത്തിന് പിന്നാലെ നവവധുവിന് മര്‍ദനം, കേസെടുത്ത് പോലീസ്

കൊച്ചി: വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ നവവധുവിന് ഭര്‍ത്താവിന്റെ ക്രൂരമര്‍ദനം. പറവൂര്‍ സ്വദേശിയായ യുവതിയാണ് കോഴിക്കോട് പന്തീരാങ്കാവിലെ ഭര്‍ത്തൃവീട്ടില്‍ മര്‍ദനത്തിനിരയായത്. സംശയത്തിന്റെ പേരില്‍ മദ്യപിച്ചെത്തി ഭര്‍ത്താവ് തന്നെ ക്രൂരമായി മര്‍ദിക്കുകയായിരുന്നുവെന്നാണ് യുവതിയുടെ മൊഴി. മൊബൈല്‍ ചാര്‍ജറിന്റെ വയര്‍ കഴുത്തില്‍ മുറുക്കിയായിരുന്നു മര്‍ദനം. ഗുരുതരമായി പരിക്കേറ്റ യുവതി പറവൂര്‍ താലൂക്കാശുപത്രിയില്‍ ചികിത്സയിലാണ്.
ഈ മാസം അഞ്ചിനാണ് പറവൂര്‍ സ്വദേശിയായ പെണ്‍കുട്ടിയും കോഴിക്കോട് പന്തീരങ്കാവ് വള്ളിക്കുന്ന് സ്നേഹതീരത്തില്‍ രാഹുല്‍ പി. ഗോപാലും തമ്മിലുള്ള വിവാഹം ഗുരുവായൂര്‍ ക്ഷേത്രത്തില്‍വെച്ച് നടന്നത്. തുടര്‍ന്ന് വിവാഹാനന്തരച്ചടങ്ങായ അടുക്കളകാണലിന് വധുവിന്റെ വീട്ടുകാരടങ്ങുന്ന സംഘം രാഹുലിന്റെ വീട്ടിലെത്തിയപ്പോഴാണ് യുവതിയുടെ ശരീരത്ത് പരിക്കേറ്റ പാടുകള്‍ കണ്ടത്. തുടര്‍ന്ന് ശാരീരികമായി പീഡിപ്പിച്ചെന്ന ഭാര്യയുടെ പരാതിയില്‍ ഭര്‍ത്താവ് പന്തീരാങ്കാവ് വള്ളിക്കുന്ന് സ്നേഹതീരത്തില്‍ രാഹുല്‍ പി. ഗോപാലി(29)ന്റെപേരില്‍ ഗാര്‍ഹികപീഡനത്തിന് പോലീസ് കേസെടുത്തു.