സംസ്ഥാനത്ത് വർധിച്ചുവരുന്ന പോക്സോ-ലഹരിക്കേസുകളുടെ അന്വേഷണത്തിന് പ്രത്യേക വിഭാഗം രൂപവത്കരിച്ചു

സംസ്ഥാനത്ത് വർധിച്ചുവരുന്ന പോക്സോ-ലഹരിക്കേസുകളുടെ അന്വേഷണത്തിന് പ്രത്യേക വിഭാഗം രൂപവത്കരിച്ചു. 20 പോലീസ് ജില്ലകളിലും ഡിവൈഎസ്പി നർക്കോട്ടിക് സെൽ ആൻഡ് ജെൻഡർ ജസ്റ്റിസ് എന്ന തസ്തിക സൃഷ്ടിച്ച് സർക്കാർ ഉത്തരവിറക്കി. അതിൽ 16 പോലീസ് ജില്ലകളിൽ നിലവിലുള്ള നർക്കോട്ടിക് ഡിവൈഎസ്പിമാരെയാണ് ഈ തസ്തികയിൽ പുനർനിയമിച്ചിരിക്കുന്നത്. നർക്കോട്ടിക് സെൽ ഇല്ലാത്ത കൊല്ലം സിറ്റി, കൊല്ലം റൂറൽ, തൃശ്ശൂർ സിറ്റി, തൃശ്ശൂർ റൂറൽ എന്നിവിടങ്ങളിൽ പുതിയ നർക്കോട്ടിക് സെല്ലും അനുവദിച്ചു. ഇതിന്റെ ഭാഗമായി സേനയിൽ 304 തസ്തികകൾ പുതുതായി വരും. അതിൽ ഡിവൈഎസ്പിമാർക്കൊപ്പം 40 എസ്ഐമാർ, 40 എഎസ്ഐമാർ, 120 എസ്സിപിഒമാർ, 100 സിപിഒമാർ എന്നിവരുണ്ടാകും.200-ഓളം തസ്തികകൾ സ്ഥാനക്കയറ്റത്തിലൂടെയാകും നികത്തുക. ബാക്കി പുതിയ നിയമനങ്ങളും. ഇതോടെ പോക്സോ പരാതികളിൽ അന്വേഷണം കാര്യക്ഷമമാകും. ഈ വർഷം ഏപ്രിൽ വരെ കേരളത്തിൽ 1551 പോക്സോ കേസുകളാണ് രജിസ്റ്റർ ചെയ്തത്. കേസുകളുടെ എണ്ണം കൂടുമ്പോഴും ശിക്ഷാ നിരക്ക് കുറവാണെന്ന ആക്ഷേപവുമുണ്ട്. ഈ സാഹചര്യത്തിലാണ് പോക്സോ കേസുകൾ പ്രത്യേക വിഭാഗം അന്വേഷിക്കുന്നത്. ഓരോ ജില്ലയിലും ഒരു ഡിവൈഎസ്പി, സിഐ, എസ്ഐമാർ, എഎസ്ഐമാർ, സിപിഒമാർ എന്നിവരുൾപ്പെടുന്ന സംഘത്തിനാകും പോക്സോ കേസുകളുടെ തുടരന്വേഷണം. ലഹരിക്കേസുകളിൽ കുതിച്ചുചാട്ടമുണ്ടായതോടെ നർക്കോട്ടിക് പോലീസ് സ്റ്റേഷനുകൾക്കായി സേനയിൽനിന്നുതന്നെ ആവശ്യമുയർന്നിരുന്നു. ഈ വർഷം ആദ്യ മൂന്നുമാസം സംസ്ഥാനത്ത് 13,000-ലധികം ലഹരിക്കേസുകൾ പോലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.