നിലബൂരിൽ തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥിയായി പി.വി.അൻവറിനെ ഔദ്യോഗികമായി പ്രഖ്യാപിച്ചു

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥിയായി പി.വി.അൻവറിനെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. തൃണമൂൽ കോൺഗ്രസ് അധ്യക്ഷയും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ മമതാ ബാനർജിയുടെ ആശീർവാദത്തോടെയാണ് അൻവർ സ്ഥാനാർഥിയാകുന്നതെന്ന് പാർട്ടി ദേശീയ നേതൃത്വം വാർത്താകുറിപ്പിൽ വ്യക്തമാക്കി. നിലമ്പൂരിൽ മത്സരിക്കുമെന്ന് ഞായറാഴ്ച രാവിലെ പത്രസമ്മേളനം നടത്തി അൻവർ പ്രഖ്യാപിച്ചിരുന്നു. മത്സരിക്കാനില്ലെന്ന കഴിഞ്ഞ ദിവസത്തെ നിലപാടിൽനിന്ന് മലക്കം മറിഞ്ഞുകൊണ്ടായിരുന്നു അൻവറിന്റെ പ്രഖ്യാപനം. തിങ്കളാഴ്ച നാമനിർദേശ പത്രിക സമർപ്പിക്കുമെന്നും അൻവർ കൂട്ടിച്ചേർത്തു. താൻ മത്സരിച്ചാൽ മമതാ ബാനർജിയും പത്ത് മന്ത്രിമാരും പ്രചാരണത്തിനെത്തുമെന്ന് നേരത്തെ തന്നെ അൻവർ വ്യക്തമാക്കിയിരുന്നു. തൃണമൂൽ കോൺഗ്രസ് ഔദ്യോഗികമായി സ്ഥാനാർഥിത്വം പ്രഖ്യാപിച്ചതോടെ അൻവർ പാർട്ടി ചിഹ്നത്തിലാകും മത്സരിക്കുക എന്ന കാര്യം ഉറപ്പായിരിക്കുകയാണ്.