ശിശുപരിപാലനത്തിന് അവധി നിഷേധിച്ചതിനെതിരേ, വനിതാ ജഡ്ജി, സുപ്രീംകോടതിയെ സമീപിച്ചു

ന്യൂഡൽഹി: ശിശുപരിപാലനത്തിന് അവധി നിഷേധിച്ചതിനെതിരേ, ഝാർഖണ്ഡിൽനിന്നുള്ള അഡീഷണൽ ജില്ലാ വനിതാ ജഡ്ജി, സുപ്രീംകോടതിയെ സമീപിച്ചു. ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ്, ജസ്റ്റിസ് അഗസ്റ്റിൻ ജോർജ് മസീഹ് എന്നിവർ പരിശോധിച്ച ഹർജി വ്യാഴാഴ്ച പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കി. ഒരു കുട്ടിയുടെ അമ്മയായ തനിക്ക് അവധി നിഷേധിച്ചെന്ന് ഹർജിയിൽ കൂട്ടിച്ചേർത്തു. സ്ഥലംമാറ്റം കിട്ടിയപ്പോഴാണ് ജഡ്ജി, കുട്ടിയെ നോക്കുന്നതിനുള്ള അവധിക്ക് അപേക്ഷ നൽകിയത്. ജൂൺ 10 മുതൽ ഡിസംബർ വരെയുള്ള അവധിക്കായി നൽകിയ അപേക്ഷ അനുവദിച്ചില്ല. എന്തുകൊണ്ടാണ് നിരസിച്ചതെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു. വ്യക്തമായ കാരണം പറഞ്ഞിട്ടില്ലെന്ന് ഹർജിക്കാരി പറഞ്ഞു. തുടർന്നാണ് കേസ് ഉടൻ പരിഗണിക്കാമെന്ന് ബെഞ്ച് അറിയിച്ചത്.