വരുന്ന തദ്ദേശതിരഞ്ഞെടുപ്പിൽ പ്രകടനം മെച്ചപ്പെടുത്താൻ ഒരുക്കങ്ങളുമായി ബിജെപി

വരുന്ന തദ്ദേശതിരഞ്ഞെടുപ്പിൽ പ്രകടനം മെച്ചപ്പെടുത്താൻ ഒരുക്കങ്ങളുമായി ബിജെപി. മേയ് 21-ന് തിരുവനന്തപുരത്ത് ചേരുന്ന ബിജെപി കോർ കമ്മിറ്റി യോഗം ഇക്കാര്യം വിശദമായി ചർച്ചചെയ്യും. ജയിക്കേണ്ട സീറ്റുകൾ സംബന്ധിച്ച് ഓരോ ജില്ലാഘടകത്തിനുമുള്ള ടാർജറ്റിനും യോഗം അന്തിമരൂപം നൽകും.മുൻ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് പ്രകടനം വലിയതോതിൽ മെച്ചപ്പെടുത്തണമെന്നാണ് ജില്ലാ നേതൃത്വങ്ങൾക്ക് നൽകിയിട്ടുള്ള നിർദേശം. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പങ്കെടുത്ത വികസിതകേരളം കൺവെൻഷന്റെ ഭാഗമായി ജില്ലകളിൽ ബിജെപി നേതൃയോഗങ്ങൾ സംഘടിപ്പിച്ചിരുന്നു. ഈ യോഗങ്ങളിൽ തദ്ദേശ തിരഞ്ഞെടുപ്പിനുള്ള പ്രവർത്തനം ഉടൻ ആരംഭിക്കാനും തീരുമാനിച്ചു. ജയിക്കാൻ സ്വീകരിക്കേണ്ട നടപടികളും ചർച്ചചെയ്തു. ജില്ലാഘടകങ്ങൾ തയ്യാറാക്കിയ ടാർജറ്റ് ജില്ലയുടെ ചുമതലവഹിക്കുന്ന കോർ കമ്മിറ്റി അംഗങ്ങൾക്ക് കൈമാറി. ബുധനാഴ്ച ചേരുന്ന കോർ കമ്മിറ്റിയിൽ ഓരോജില്ലയും മുന്നോട്ടുവെച്ചിട്ടുള്ള ടാർജറ്റ് വിശദമായി ചർച്ചചെയ്യും. പാർട്ടിക്ക് പരമ്പരാഗതമായി ശക്തിയുളള ജില്ലകളിൽ പരമാവധി ഉയർന്ന ടാർജറ്റ് നിശ്ചയിച്ച് അത് നേടാനായിരിക്കും ശ്രമം. എല്ലാ ജില്ലകളിലും കഴിയുന്നത്ര വാർഡുകളിൽ ജയിക്കാനുള്ള തന്ത്രങ്ങൾ ആവിഷ്‌കരിക്കാനും നേതൃത്വം നിർദേശിച്ചിട്ടുണ്ട്. ഒരുവർഷം കഴിഞ്ഞ് നടക്കാൻപോകുന്ന നിയമസഭ തിരഞ്ഞെടുപ്പിനുള്ള സെമിഫൈനലായാണ് തദ്ദേശതിരഞ്ഞെടുപ്പിനെ പാർട്ടി കാണുന്നത്. ഇതിൽ നേട്ടം കൈവരിക്കാനായാൽ നിയമസഭ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് കൂടുതൽ ഊർജം കിട്ടുമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ.