അതിര്‍ത്തിയിലെ സംഘര്‍ഷത്തിനിടെ ബഹിരാകാശത്തും ജാഗ്രത

 അതിര്‍ത്തിയിലെ സംഘര്‍ഷത്തിനിടെ ബഹിരാകാശത്തും ജാഗ്രത

ന്യൂഡല്‍ഹി: അതിര്‍ത്തിയിലെ സംഘര്‍ഷത്തിടെ രാജ്യസുരക്ഷ ഉറപ്പാക്കാനുള്ള തന്ത്രപരമായ ദൗത്യവുമായി രാവും പകലും തുടര്‍ച്ചയായി ജാഗ്രതപാലിച്ചത് ഇന്ത്യയുടെ 10 ഉപഗ്രഹങ്ങള്‍. ഐഎസ്ആര്‍ഒ ചെയര്‍മാന്‍ വി നാരായണനാണ് ഈക്കാര്യം വ്യക്തമാക്കിയത്. അഗര്‍ത്തലയിലെ സെന്‍ട്രല്‍ അഗ്രികള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റിയുടെ ബിരുദദാന ചടങ്ങില്‍ സംസാരിക്കവേയാണ് ഐഎസ്ആര്‍ഒ മേധാവി ഇക്കാര്യം പറഞ്ഞതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടുചെയ്തു. രാജ്യസുരക്ഷ ഉറപ്പാക്കുന്നതില്‍ ഉപഗ്രഹങ്ങളുടെ പങ്ക് അദ്ദേഹം ചടങ്ങില്‍ പങ്കുവെച്ചു. നമ്മുടെ 7,000 കിലോമീറ്റര്‍ കടല്‍ത്തീരം നിരീക്ഷിക്കേണ്ടതുണ്ട്. ഉപഗ്രഹ, ഡ്രോണ്‍ സാങ്കേതികവിദ്യയില്ലാതെ പലതും നേടാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യയുടെ തന്ത്രപ്രധാനമായ അതിര്‍ത്തികളിലെ നിരീക്ഷണ ശേഷി വര്‍ധിപ്പിക്കുന്ന EOS-09 എന്ന റഡാര്‍ ഇമേജിംഗ് ഉപഗ്രഹം മെയ് 18-ന് വിക്ഷേപിക്കാന്‍ ഐഎസ്ആര്‍ഒ തയ്യാറെടുക്കുന്നതിനിടെയാണ് ഐഎസ്ആര്‍ഓ ചെയര്‍മാന്റെ വിശദീകരണം. സാധാരണക്കാരന്റെ ജീവിതം മെച്ചപ്പെടുത്തുന്നതിന് നൂതന ഉപഗ്രഹ സാങ്കേതികവിദ്യകള്‍ ആവശ്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഈ ലക്ഷ്യം കൈവരിക്കുന്നതോടെ രാജ്യം എല്ലാ മേഖലയിലും വൈദഗ്ദ്ധ്യം നേടുമെന്നും ലോകത്തിന് മികച്ച സംഭാവന നല്‍കുന്ന രാജ്യമായി മാറുമെന്നും നാരായണന്‍ പ്രവചിച്ചു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ വികസനത്തിനും ഈ മേഖലയിലെ നിരവധി പദ്ധതികളുടെ നടത്തിപ്പിനുമായി ഐഎസ്ആര്‍ഒയും അതിന്റെ നിരവധി ഉപഗ്രഹങ്ങളും പ്രവര്‍ത്തനക്ഷമമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതുവരെ, സ്വകാര്യ ഓപ്പറേറ്റര്‍മാരുടെയും അക്കാദമിക് സ്ഥാപനങ്ങളുടെയും ഉപഗ്രഹങ്ങള്‍ ഉള്‍പ്പെടെ ആകെ 127 ഇന്ത്യന്‍ ഉപഗ്രഹങ്ങള്‍ ഐഎസ്ആര്‍ഒ വിക്ഷേപിച്ചിട്ടുണ്ട്. ഇവയില്‍ 22 എണ്ണം ലോ എര്‍ത്ത് ഓര്‍ബിറ്റിലും 29 എണ്ണം കേന്ദ്രസര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ജിയോ-സിന്‍ക്രണൈസ് എര്‍ത്ത് ഓര്‍ബിറ്റിലുമാണ്. ഇന്ത്യക്ക് ഏകദേശം ഒരു ഡസനോളം ചാര ഉപഗ്രഹങ്ങളോ നിരീക്ഷണ ഉപഗ്രഹങ്ങളോ ഉണ്ട്. കാര്‍ട്ടോസാറ്റ്, റിസാറ്റ് പരമ്പരകളും, എമിസാറ്റ്, മൈക്രോസാറ്റ് പരമ്പരകളും ഇതില്‍ ഉള്‍പ്പെടുന്നു, ഇവ പ്രത്യേക നിരീക്ഷണ ജോലികള്‍ക്കായി രൂപകല്‍പ്പന ചെയ്തിട്ടുള്ളവയാണ്. ബഹിരാകാശ അധിഷ്ഠിത നിരീക്ഷണ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനായി അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇന്ത്യ 52 ഉപഗ്രഹങ്ങളുടെ ഒരു ശൃംഖല ഭ്രമണപഥത്തിലെത്തിക്കുമെന്ന് ഇന്ത്യന്‍ നാഷണല്‍ സ്‌പേസ് പ്രൊമോഷന്‍ ആന്‍ഡ് ഓതറൈസേഷന്‍ സെന്റര്‍ ചെയര്‍മാന്‍ പവന്‍ കുമാര്‍ ഗോയങ്ക ഗ്ലോബല്‍ സ്‌പേസ് എക്‌സ്‌പ്ലോറേഷന്‍ കോണ്‍ഫറന്‍സ് 2025-ല്‍ അടുത്തിടെ പറഞ്ഞിരുന്നു. ‘നമുക്ക് ഇപ്പോള്‍തന്നെ ശക്തമായ മുന്‍തൂക്കമുണ്ട്. അത് നിരന്തരം മെച്ചപ്പെടുത്തേണ്ടതുണ്ട്. പ്രതിരോധ രംഗത്തെ നിരീക്ഷണ ശേഷി വര്‍ധിപ്പിക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

Online News

Related post

Leave a Reply

Your email address will not be published. Required fields are marked *