ഐപിഎല്ലിലെ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ പതിന്നാലുകാരന്‍ വൈഭവ് സൂര്യവംശിയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡല്‍ഹി: ഐപിഎല്ലിലെ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ പതിന്നാലുകാരന്‍ വൈഭവ് സൂര്യവംശിയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചെറിയ പ്രായത്തിൽ തന്നെ വൈഭവ് വലിയ റെക്കോഡ് നേടിയെന്നും താരത്തിന്റെ പ്രകടനത്തിന് പിന്നിൽ കഠിനാധ്വാനമുണ്ടെന്നും മോദി വ്യക്തമാക്കി. ബിഹാറില്‍ നടക്കുന്ന ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെയാണ് പ്രധാനമന്ത്രി വൈഭവിനെ അഭിനന്ദിച്ചത്. ‘ഐപിഎല്ലിൽ ബിഹാറിന്റെ പുത്രനായ വൈഭവ് സൂര്യവംശിയുടെ ഗംഭീര പ്രകടനം ഞാൻ കണ്ടു. ഇത്ര ചെറിയ പ്രായത്തിൽ വൈഭവ് വലിയ റെക്കോർഡ് കുറിച്ചിരിക്കുന്നു. വൈഭവിന്റെ പ്രകടനത്തിന് പിന്നിൽ ഏറെ കഠിനാധ്വാനമുണ്ടെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ‘കഴിവ് വളർത്തിയെടുക്കാൻ അവൻ വിവിധ തലങ്ങളിൽ നിരവധി മത്സരങ്ങൾ കളിച്ചു. നിങ്ങൾ എത്രത്തോളം കളിക്കുന്നുവോ, അത്രത്തോളം നിങ്ങൾ തിളങ്ങും. കഴിയുന്നത്ര മത്സരങ്ങളിലും പോരാട്ടങ്ങളിലും പങ്കെടുക്കുന്നത് വളരെ പ്രധാനപ്പെട്ടതാണ്. എൻഡിഎ സർക്കാർ അതിന്റെ നയങ്ങളിൽ എല്ലായ്പ്പോഴും ഇതിന് ഏറ്റവും ഉയർന്ന മുൻഗണന നൽകിയിട്ടുണ്ട്. ‘ ‘പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിൽ നമ്മൾ കായികവിനോദങ്ങളെ മുഖ്യധാരാ വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കിയിരിക്കുന്നു. രാജ്യത്ത് നല്ല കളിക്കാർക്കൊപ്പം മികച്ച കായിക പ്രൊഫഷണലുകളെയും സൃഷ്ടിക്കുക എന്നതാണ് ഈ നയത്തിന്റെ ലക്ഷ്യമെന്നും’ അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റിൽ ഗുജറാത്ത് ടൈറ്റൻസിനെതിരേ 35 പന്തിൽ നൂറുറൺസ് തികച്ചാണ് രാജസ്ഥാൻ താരം റെക്കോഡുകൾ തിരുത്തിയെഴുതിയത്. 38 പന്തിൽ 101 റൺസെടുത്താണ് വൈഭവ് പുറത്തായത്. ടി20 യില്‍ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം, ഐപിഎല്ലിലെ വേഗമേറിയ രണ്ടാമത്തെ സെഞ്ചുറി, ഒരു ഇന്ത്യക്കാരന്റെ അതിവേഗ ഐപിഎല്‍ സെഞ്ചുറി എന്നിങ്ങനെ പുതുചരിത്രം കുറിച്ചാണ് വൈഭവ് സവായ് മാന്‍സിങ് സ്‌റ്റേഡിയത്തില്‍ നിന്ന് മടങ്ങിയത്. ടി20 ക്രിക്കറ്റില്‍ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി വൈഭവ് മാറി. 14 വര്‍ഷവും 32 ദിവസവും മാത്രമാണ് ഈ ഇടംകൈയന്‍ ബാറ്ററുടെ പ്രായം. ഐപിഎല്ലിലെ ഏറ്റവും വേഗമേറിയ രണ്ടാമത്തെ സെഞ്ചുറിയാണ് വൈഭവിന്റേത്. ഐപിഎല്ലിലെ അതിവേഗസെഞ്ചുറി മുന്‍ വിന്‍ഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പേരിലാണ്. ആര്‍സിബി താരമായിരുന്ന ഗെയ്ല്‍ പുണെക്കെതിരേ 2013 ല്‍ 30 പന്തിലാണ് സെഞ്ചുറി നേടിയത്.