തമിഴ്നാട്ടില്‍ നവജാതശിശുക്കള്‍ക്ക് തമിഴ്പേരുകള്‍ കണ്ടെത്താന്‍ സഹായിക്കുന്നതിനായി സര്‍ക്കാര്‍ വെബ്സൈറ്റ് തുടങ്ങും

ചെന്നൈ: തമിഴ്നാട്ടില്‍ നവജാതശിശുക്കള്‍ക്ക് തമിഴ്പേരുകള്‍ കണ്ടെത്താന്‍ സഹായിക്കുന്നതിനായി സര്‍ക്കാര്‍ വെബ്സൈറ്റ് തുടങ്ങും. മുഖ്യമന്ത്രി എം.കെ. സ്റ്റാലിനാണ് ഇക്കാര്യം വ്യക്തമാക്കിയത്. കുട്ടികള്‍ക്കുള്ള മനോഹരമായ തമിഴ്പേരുകളും അവയുടെ അര്‍ഥങ്ങളും വിശദമാക്കുന്ന വെബ്‌സൈറ്റ് ഉടന്‍ തന്നെ ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തമിഴ് ഓണ്‍ലൈന്‍ വിദ്യാഭ്യാസവകുപ്പിനു കീഴിലാകും ഇതു തുടങ്ങുക. ‘നിങ്ങളുടെ കുട്ടികള്‍ക്ക് മനോഹരമായ തമിഴ്പേരുകള്‍തന്നെ നല്‍കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. ഇത് എന്റെ അപേക്ഷയാണ്’ -ബുധനാഴ്ച അണ്ണാ അറിവാളയത്തില്‍ നടന്ന സ്വകാര്യചടങ്ങില്‍ സ്റ്റാലിന്‍ കൂട്ടിച്ചേർത്തു. കുട്ടികള്‍ക്ക് തമിഴ്പേരുകള്‍ ഇടാന്‍ പലരും ആലോചിക്കുന്നുണ്ടെങ്കിലും പേരുകളെക്കുറിച്ചും അവയുടെ അര്‍ഥങ്ങളെക്കുറിച്ചും അറിയാന്‍ തമിഴ്‌നാട്ടില്‍ ശരിയായ സംവിധാനങ്ങള്‍ ഇല്ലെന്ന് പരാതി ഉയര്‍ന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സ്റ്റാലിന്റെ ഈ പ്രഖ്യാപനം.