പഹൽഗാമിലെ ഭീകരാക്രമണത്തെ അപലപിച്ചും സംഭവത്തിൽ കടുത്ത വേദന രേഖപ്പെടുത്തിയും സുപ്രീം കോടതിയുടെ ഫുൾകോർട്ട് പ്രമേയം പാസാക്കി

ന്യൂഡൽഹി ∙ പഹൽഗാമിലെ ഭീകരാക്രമണത്തെ അപലപിച്ചും സംഭവത്തിൽ കടുത്ത വേദന രേഖപ്പെടുത്തിയും സുപ്രീം കോടതിയുടെ ഫുൾകോർട്ട് പ്രമേയം പാസാക്കി. കൊല്ലപ്പെട്ടവർക്ക് ആദരമർപ്പിച്ച് ജഡ്ജിമാരും അഭിഭാഷകരും റജിസ്ട്രി ജീവനക്കാരും 2 മിനിറ്റ് എഴുന്നേറ്റുനിന്ന് മൗനമാചരിച്ചു. പരുക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ച കോടതി, സംഭവത്തിന് ഇരയായവർക്കും കുടുംബാംഗങ്ങൾക്കുമൊപ്പം രാജ്യം നിലകൊള്ളുന്നതായും പറഞ്ഞു. സംഭവത്തെ അപലപിച്ച് സുപ്രീം കോടതിയിലെ അഡ്വക്കറ്റ് ഓൺ റെക്കോർഡ് അസോസിയേഷനും പ്രമേയം പാസാക്കിയതായി അധ്യക്ഷൻ വിപിൻ നായർ വ്യക്തമാക്കി. ഇന്നലെ സുപ്രീം കോടതിയുടെ മുന്നിൽ മുന്നൂറിൽപരം അഭിഭാഷകർ വെള്ള റിബണുകൾ ധരിച്ച് ഭീകരാക്രമണത്തിൽ മരിച്ചവർക്ക് ആദരാഞ്ജലി അർപ്പിച്ചു.