ഗുജറാത്തില്‍ ബിജെപിയെ പരാജയപ്പെടുത്തുമെന്ന് രാഹുല്‍ ഗാന്ധി

ഗാന്ധിനഗര്‍: ഗുജറാത്തില്‍ ബിജെപിയെ പരാജയപ്പെടുത്തും എന്ന് കോണ്‍ഗ്രസ് നേതാവും ലോക്സഭാ പ്രതിപക്ഷനേതാവുമായ രാഹുല്‍ ഗാന്ധി. ഗുജറാത്തില്‍ കോണ്‍ഗ്രസ് മനോവീര്യം തകര്‍ന്ന നിലയിലാണെങ്കിലും സംസ്ഥാനത്ത് ബിജെപിയെ പരാജയപ്പെടുത്തുമെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കി. ആഭ്യന്തരപ്രശ്നങ്ങളെ അഭിമുഖീകരിക്കാന്‍ സംസ്ഥാനത്ത് പാര്‍ട്ടിക്ക് പുതിയ നേതൃത്വം വരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഗുജറാത്തിലെ മൊദാസ നഗരത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി. ഗുജറാത്തില്‍ ഞങ്ങള്‍ മനോവീര്യം തകര്‍ന്ന നിലയിലാണ്. എന്നാല്‍ സംസ്ഥാനത്ത് ബിജെപിയെ പരാജയപ്പെടുത്തും. ഇത് രാഷ്ട്രീയപരമായ പോരാട്ടം മാത്രമല്ല, ആശയപരമായത് കൂടിയാണ്. ആര്‍എസ്എസ്സിനെയും ബിജെയപിയും പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് മാത്രമേ സാധിക്കൂള്ളൂവെന്ന് ജനങ്ങള്‍ക്കറിയാം എന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ചില മാറ്റങ്ങള്‍ കൊണ്ടുവരാന്‍ തീരുമാനിച്ചിട്ടുണ്ട്. ജില്ലയിലെ മുതിര്‍ന്ന നേതാക്കളെ കണ്ട് ചര്‍ച്ച നടത്തി. നേതാക്കള്‍ തമ്മിലുള്ള മത്സരം വിനാശകരമാണെന്നും ഫലപ്രദമായ ഒന്നല്ലെന്നും അവര്‍ പറഞ്ഞതായി രാഹുല്‍ ഗാന്ധി കൂട്ടിച്ചേർത്തു. നേതാക്കള്‍ക്ക് കൃത്യമായ ചുമതലകള്‍ നല്‍കേണ്ടതിന്റെ ആവശ്യകത സംബന്ധിച്ചും ബിജെപിയുമായി ചേര്‍ന്നുനില്‍ക്കുന്ന ഒട്ടേറെ ആളുകളുണ്ടെന്നും അവരെ തിരിച്ചറിയണമെന്നും പാര്‍ട്ടിയില്‍ നിന്ന് അവരെ അകറ്റണമെന്നും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി.