സോണിയക്കും രാഹുലിനുമെതിരെ കുരുക്ക് മുറുക്കി ഇഡി

ന്യൂഡൽഹി: സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കുമെതിരെ കുരുക്ക് മുറുക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). നാഷണൽ ഹെറാൾഡ് കേസിൽ കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടെന്നും രാഹുലും സോണിയയും 5000 കോടിയുടെ സ്വത്തുക്കൾ കൈക്കലാക്കിയെന്നും ഇ.ഡി. കുറ്റപത്രത്തിൽ വ്യക്തമാക്കി. കള്ളപ്പണ ഇടപാട് സംബന്ധിച്ച സുപ്രധാന രേഖകളും ഇഡി കൈമാറിയിട്ടുണ്ടെന്നാണ് വിവരം. അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡ് എന്ന കമ്പനി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയും ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ ഗൂഡാലോചന നടത്തിയെന്ന് കുറ്റപത്രത്തിൽ ഇഡി ആരോപിക്കുന്നു. എജെഎലിന്റെ ആസ്തികൾക്ക് 5000 കോടി രൂപയുടെ വിപണി മൂല്യം ഉണ്ടാകുമെന്നും അത് കേവലം 50 ലക്ഷം രൂപ നൽകി ഏറ്റെടുക്കുകയായിരുന്നു എന്ന് കുറ്റപത്രത്തിൽ വ്യക്തമാക്കി. സോണിയയും രാഹുലുമുൾപ്പെടെയുള്ളവരുടെ ഉടമസ്ഥതയിലുള്ള യങ് ഇന്ത്യൻ ലിമിറ്റഡ് എന്ന കമ്പനിയാണ് എജിഎലിന്റെ ആസ്തികൾ സ്വന്തമാക്കിയത്. വൈ.ഐ.എലിന്റെ 70 ശതമാനം ഓഹരികളും രാഹുൽ ഗാന്ധിയുടെയും സോണിയഗാന്ധിയുടെയും പേരിലാണ്. കോൺഗ്രസ് നേതാക്കളായ സാം പിത്രോദ, സുമൻ ദുബൈ തുടങ്ങിയവരുടെ പേരുകളും കുറ്റപത്രത്തിലുൾപ്പെടുന്നു. എന്നാൽ ഇഡി രാഷ്ട്രീയം കളിക്കുകയാണെന്ന് ആരോപിച്ച് ബുധനാഴ്ച കോൺഗ്രസ് രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കാൻ തീരുമാനിച്ചു. കോൺഗ്രസ് ആസ്ഥാനത്ത് നിന്ന് ഇഡി ആസ്ഥാനത്തേക്ക് കോൺഗ്രസ് പ്രവർത്തകർ മാർച്ച് നടത്തും. എല്ലാ സംസ്ഥാനത്തും ഇഡി ആസ്ഥാനത്തേക്കും കേന്ദ്ര സർക്കാർ ഓഫീസുകളിലേക്കും പ്രവർത്തകർ പ്രതിഷേധ മാർച്ച് നടത്തും.