പുതിയ കോൺഗ്രസിനെ കെട്ടിപ്പടുക്കുമെന്ന് അഹമ്മദാബാദ് എഐസിസി സമ്മേളനത്തിൽ പ്രഖ്യാപനം

മഹാത്മാഗാന്ധിയുടെ ആശയദൃഢതയും സർദാർ വല്ലഭ്‌ഭായ് പട്ടേലിന്റെ പ്രായോഗികശൗര്യവും ഒത്തിണങ്ങിയ പുതിയ കോൺഗ്രസിനെ കെട്ടിപ്പടുക്കുമെന്ന് അഹമ്മദാബാദ് എഐസിസി സമ്മേളനത്തിൽ പ്രഖ്യാപനം. ആശയതലത്തിൽ സാമൂഹികനീതിയിലും മതേതരത്വത്തിലും ഊന്നൽ നൽകാനും സംഘടനാതലത്തിൽ ഡിസിസികളെ ശാക്തീകരിക്കാനുമുള്ള മാർഗനിർദേശങ്ങൾക്ക് സമ്മേളനം അംഗീകാരം നൽകി. ഗാന്ധിജി കോൺഗ്രസ് അധ്യക്ഷനായതിന്റെ നൂറാംവാർഷികവും സർദാർ പട്ടേൽ ജനിച്ചതിന്റെ നൂറ്റൻപതാം വർഷവും ആഘോഷിക്കുന്ന 2025, കോൺഗ്രസിന്റെ പുനർജനി വർഷമായിരിക്കുമെന്ന് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയും വ്യക്തമാക്കി. രാജ്യത്ത് ജാതിസെൻസസ് നടത്തണമെന്നും ഒബിസി, എസ്‌സി, എസ്ടി, ന്യൂനപക്ഷം, മുന്നാക്കക്കാരിലെ പിന്നാക്കക്കാർ എന്നിവർക്ക് അർഹമായ പ്രാതിനിധ്യം ഉറപ്പാക്കണമെന്നും നേതാക്കൾ അറിയിച്ചു. ഇതുസംബന്ധിച്ച പ്രമേയവും പാസാക്കി. പാർട്ടിക്കുവേണ്ടി പ്രവർത്തിക്കാൻ കഴിയാത്തവർ വിശ്രമിക്കുകയും ചുമതലകൾ നിർവഹിക്കാൻ കഴിയാത്തവർ വിരമിക്കുകയും ചെയ്യണമെന്ന് ഖാർഗെ മുന്നറിയിപ്പു നൽകി. പാർട്ടിയുടെ ആശയവും ഭരണഘടനയും പ്രതിരോധിക്കേണ്ടത് ഓരോ പാർട്ടി പ്രവർത്തകന്റെയും ഉത്തരവാദിത്വവും ചുമതലയുമാണെന്ന് രാഹുലും വ്യക്തമാക്കി. പുനഃസംഘടനയുടെ ഭാഗമായി ഡിസിസികളെ എഐസിസിയുടെ കർശനമാർഗനിർദേശത്തിന്റെ അടിസ്ഥാനത്തിൽ നിയമിക്കാൻ സമ്മേളനം തീരുമാനിച്ചു. പുതിയ ജില്ലാ പ്രസിഡന്റുമാർ ഒരു വർഷത്തിനുള്ളിൽ ബൂത്ത്, മണ്ഡലം, ബ്ലോക്ക്, ജില്ലാ കമ്മിറ്റികൾ കഴിവുള്ളവരെ ഉൾപ്പെടുത്തി രൂപവത്കരിക്കണം. ഇക്കാര്യത്തിൽ ഡിസിസി അധ്യക്ഷന്മാരുടെ പ്രവർത്തനം സുതാര്യവും പക്ഷപാത രഹിതവുമാവണം.ഡിസിസി ഘടനയ്ക്ക് കൃത്യമായ രൂപരേഖ എഐസിസി നൽകുമെന്ന് ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ കൂട്ടിച്ചേർത്തു .