വഖഫ് നിയമ ഭേദഗതിയുടെ ഭരണഘടന സാധുത ചോദ്യംചെയ്ത് നല്‍കിയ ഹര്‍ജികള്‍ അടിയന്തരമായി പരിഗണിക്കണമെന്ന് മുസ്ലിം ലീഗ് സുപ്രീം കോടതി

ന്യൂഡല്‍ഹി: വഖഫ് നിയമ ഭേദഗതിയുടെ ഭരണഘടന സാധുത ചോദ്യംചെയ്ത് നല്‍കിയ ഹര്‍ജികള്‍ അടിയന്തരമായി പരിഗണിക്കണമെന്ന് മുസ്ലിം ലീഗ് സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് ഹര്‍ജികള്‍ പരിഗണിക്കുന്ന തീയതി തിങ്കളാഴ്ച ഉച്ചക്ക് ശേഷം തീരുമാനിക്കുമെന്ന് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. മുസ്ലിം ലീഗിനുവേണ്ടി സീനിയര്‍ അഭിഭാഷകന്‍ കപില്‍ സിബലും അഭിഭാഷകന്‍ ഹാരിസ് ബീരാനുമാണ് ഹര്‍ജികള്‍ അടിയന്തിരമായി കേള്‍ക്കണമെന്ന് ആവശ്യപ്പെട്ടത്. രാവിലെ പി.കെ കുഞ്ഞാലികുട്ടി, ഇ.ടി മുഹമ്മദ് ബഷീര്‍, ഹാരിസ് ബീരാന്‍ തുടങ്ങിയവര്‍ കപിൽ സിബലുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ചയിലാണ് ഹര്‍ജി അടിയന്തരമായി കേള്‍ക്കണമെന്ന ആവശ്യം കോടതിയില്‍ ഉന്നയിക്കാന്‍ തീരുമാനമായത്. ഹര്‍ജി അടിയന്തിരമായി കേള്‍ക്കണമെന്ന് ആവശ്യപ്പെട്ട് സമസ്തയും സുപ്രീം കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. സമസ്തയ്ക്കുവേണ്ടി സീനിയര്‍ അഭിഭാഷകന്‍ അഭിഷേക് മനു സിംഗ്വിയും അഭിഭാഷകന്‍ സുള്‍ഫിക്കര്‍ അലിയും ആണ് സുപ്രീം കോടതിയില്‍ ഹാജരായത്.