മുനമ്പത്ത് ഭൂമി വാങ്ങിയ ആരെയും കുടിയൊഴിപ്പിക്കരുതെന്ന് മുസ്ലിം ലീഗ്

മുനമ്പത്ത് ഭൂമി വാങ്ങിയ ആരെയും കുടിയൊഴിപ്പിക്കരുതെന്ന് മുസ്ലിം ലീഗ്. വഖഫ് നിയമ ഭേദഗതി ചോദ്യംചെയ്ത് സുപ്രീം കോടതിയിൽ ഫയൽചെയ്ത ഹർജിയിലാണ് ലീഗ് ഇക്കാര്യം വ്യക്തമാക്കിയത്. മുനമ്പം വിഷയം പരിഹരിക്കാൻ സംസ്ഥാന സർക്കാർ സ്വീകരിക്കുന്ന നിലപാടുകൾക്ക് പൂർണപിന്തുണ നൽകുമെന്നും മുസ്ലിം ലീഗ് ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വഖഫ് നിയമ ഭേദഗതി ചോദ്യംചെയ്ത് പി.കെ. കുഞ്ഞാലിക്കുട്ടിയും മുസ്ലിം ലീഗിന്റെ പാർലമെന്റ് അംഗങ്ങളായ ഇ.ടി. മുഹമ്മദ് ബഷീർ, പി.വി. അബ്ദുൾ വഹാബ്, അബ്ദുസമദ് സമദാനി, കെ. നവാസ് കാനി എന്നിവരാണ് മുസ്ലിം ലീഗിനുവേണ്ടി സുപ്രീം കോടതിയിൽ ഹർജി ഫയൽചെയ്ത്. ഈ ഹർജിയിലാണ് മുനമ്പം വിഷയം ഉൾക്കൊള്ളിച്ചിരിക്കുന്നത്. മുനമ്പം വിഷയത്തിന് പരിഹാരം കാണുന്നതിന് മുസ്ലിം ലീഗ് അധ്യക്ഷൻ സയ്യിദ് സാദിഖ് അലി ഷിഹാബ് തങ്ങൾ, ബിഷപ്പുമാർ ഉൾപ്പടെ വിവിധ മതനേതാക്കളുമായി ചർച്ച നടത്തിയിട്ടുണ്ടെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മുനമ്പം നിവാസികളുടെ കുടിയൊഴിപ്പിക്കൽ ഒഴിവാക്കാനുള്ള എല്ലാ ശ്രമവും ലീഗിന്റെ ഭാഗത്തുനിന്ന് ഉണ്ടാകും. വിഷയത്തിൽ അന്തിമ പരിഹാരം കാണുന്നത് വരെ ആ ശ്രമം തുടരുമെന്നും ഹർജിയിൽ വിശദീകരിച്ചിട്ടുണ്ട്. പാർലമെന്റ് പാസാക്കിയ വഖഫ് ഭേദഗതി നിയമത്തിന് മുനമ്പം വിഷയം പരിഹരിക്കാൻ കഴിയില്ലെന്നാണ് തങ്ങളുടെ വിശ്വാസമെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.