മ്യാന്‍മാറില്‍ കനത്ത നാശംവിതച്ച ശക്തമായ ഭൂകമ്പദുരന്തത്തിൽ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

 മ്യാന്‍മാറില്‍ കനത്ത നാശംവിതച്ച ശക്തമായ ഭൂകമ്പദുരന്തത്തിൽ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

മ്യാന്‍മാറില്‍ കനത്ത നാശംവിതച്ച ശക്തമായ ഭൂകമ്പദുരന്തത്തിൽ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മ്യാന്‍മാറിലെ പട്ടാള ഭരണകൂടത്തിന്റെ തലവനെ ഫോണില്‍ വിളിച്ച് മോദി അനുശോചനം അറിയിച്ചു. ഈ ദുഷ്‌കരമായ സമയത്ത് അടുത്ത സുഹൃത്തും അയല്‍ക്കാരനും എന്ന നിലയില്‍ ഇന്ത്യ മ്യാന്‍മാറിലെ ജനങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നുവെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ‘ഓപ്പറേഷന്‍ ബ്രഹ്‌മ’യുടെ ഭാഗമായി തിരച്ചില്‍-രക്ഷാപ്രവര്‍ത്തന സംഘങ്ങള്‍ക്കൊപ്പം ദുരിതാശ്വാസ വസ്തുക്കളും മാനുഷിക സഹായങ്ങളും മ്യാന്‍മറിലേക്ക് അയച്ചതായും മോദി കൂട്ടിച്ചേർത്തു. നേരത്തെ, മ്യാന്‍മാറിനും തായ്‌ലന്‍ഡിനും സാധ്യമായ എല്ലാ സഹായവും നല്‍കാന്‍ ഇന്ത്യ തയ്യാറാണെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞിരുന്നു. ‘മ്യാന്‍മാറിലും തായ്‌ലന്‍ഡിലും ഉണ്ടായ ഭൂകമ്പത്തെത്തുടര്‍ന്നുള്ള സ്ഥിതിഗതികളില്‍ ആശങ്കയുണ്ട്. എല്ലാവരുടെയും സുരക്ഷയ്ക്കും ക്ഷേമത്തിനും വേണ്ടി പ്രാര്‍ത്ഥിക്കുന്നു. സാധ്യമായ എല്ലാ സഹായവും നല്‍കാന്‍ ഇന്ത്യ തയ്യാറാണ്. മ്യാന്‍മറിലും തായ്‌ലന്‍ഡിലും സര്‍ക്കാരുകളുമായി ബന്ധപ്പെടാൻ വിദേശകാര്യ മന്ത്രാലയത്തോട് ആവശ്യപ്പെട്ടു,’ അദ്ദേഹം ‘എക്‌സി’ല്‍ കുറിച്ചു.ഇതിനിടെ ഭൂകമ്പം കനത്ത നാശംവിതച്ച മ്യാന്‍മാറിലേക്ക് സഹായവുമായി ഐഎന്‍എസ് സത്പുരയും ഐഎന്‍എസ് സാവിത്രിയും യാങ്കൂണിലേക്ക് പുറപ്പെട്ടു. ഓപ്പറേഷന്‍ ബ്രഹ്‌മ എന്ന പേരില്‍ 40 ടണ്‍ ദുരിതാശ്വാസ വസ്തുക്കളാണ് കൊണ്ടുപോകുന്നത്. രണ്ടു കപ്പലുകള്‍ കൂടി പുറപ്പെടുമെന്ന് നാവികസേന അറിയിച്ചു. ദുരന്തഭൂമിയില്‍ ഇന്ത്യന്‍ സൈന്യം താത്കാലിക ആശുപത്രിയും സ്ഥാപിക്കും. 118 അംഗങ്ങള്‍ ഉള്‍പ്പെടുന്ന ഡോക്ടര്‍മാരുടെയും ആരോഗ്യപ്രവര്‍ത്തകരുടെയും സംഘം യാങ്കൂണിലെത്തുമെന്ന് വിദേശകാര്യ മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. കഴിഞ്ഞദിവസം 15 ടണ്‍ ദുരിതാശ്വാസ വസ്തുക്കളുമായി വ്യോമസേന വിമാനം യാങ്കൂണ്‍ വിമാനത്താവളത്തിൽ എത്തിയിരുന്നു. ടെന്റുകള്‍, ബ്ലാങ്കറ്റുകള്‍, സ്ലീപ്പിങ് ബാഗുകള്‍, ഭക്ഷ്യ പായ്ക്കറ്റുകള്‍, ശുചീകരണ കിറ്റുകള്‍, ജനറേറ്ററുകള്‍, അവശ്യമരുന്നുകള്‍ എന്നിവയടക്കമുള്ള ദുരിതാശ്വാസ വസ്തുക്കളാണ് ആദ്യഘട്ട സഹായത്തില്‍ ഇന്ത്യ മ്യാന്‍മാറിലെത്തിച്ചത്.

Online News

Related post

Leave a Reply

Your email address will not be published. Required fields are marked *