വയനാട് മുണ്ടക്കൈ ചൂരൽമല അതിജീവിതരുടെ പുനരധിവാസത്തിനായി കൽപ്പറ്റ എൽസ്റ്റൺ പണിയുന്ന ടൗൺഷിപ്പിന് മുഖ്യമന്ത്രി പിണറായി വിജയൻ തറക്കല്ലിട്ടു

വയനാട് മുണ്ടക്കൈ ചൂരൽമല അതിജീവിതരുടെ പുനരധിവാസത്തിനായി കൽപ്പറ്റ എൽസ്റ്റൺ പണിയുന്ന ടൗൺഷിപ്പിന് മുഖ്യമന്ത്രി പിണറായി വിജയൻ തറക്കല്ലിട്ടു. ദുരന്തമുണ്ടായി എട്ട് മാസത്തിന് ശേഷമാണ് അതിജീവന പദ്ധതി ഉയരുന്നത്. കല്‍പ്പറ്റ ബൈപ്പാസിനോട് ചേര്‍ന്ന് സര്‍ക്കാര്‍ ഏറ്റെടുത്ത 64 ഹെക്ടര്‍ ഭൂമിയിലാണ് ടൗൺഷിപ്പ് നിർമാണം. ഒന്നാംഘട്ട ഗുണഭോക്തൃ പട്ടികയിലുള്‍പ്പെട്ടവരിൽ 175 പേർ വീടിനായി സമ്മതപത്രം നൽകിയിട്ടുണ്ട്. 7 സെന്റ് വീതമുള്ള പ്ലോട്ടുകളിലായി 1000 ചതുരശ്ര അടിയിൽ ക്ലസ്റ്ററുകളിലായാണ് വീടുകളുടെ നിർമാണം. രണ്ടു മുറികള്‍, സിറ്റൗട്ട്, ലിവിങ്, സ്റ്റഡി റൂം, ഡൈനിങ്, അടുക്കള, സ്റ്റോര്‍ ഏരിയ എന്നിവയുൾപ്പെടുന്നതാണ് വീട്ഒറ്റ നിലയില്‍ പണിയുന്ന പിന്നീട് ഇരുനില നിര്‍മിക്കാനുള്ള അടിത്തറയോടെയാണ് തയാറാക്കുക. പുനരധിവസിക്കുന്നവർക്ക് വേണ്ടി ആരോഗ്യകേന്ദ്രം, അങ്കണവാടി, പൊതുമാര്‍ക്കറ്റ്, കമ്മ്യൂണിറ്റി സെന്റര്‍ എന്നിവയും ടൗണ്‍ഷിപ്പില്‍ നിര്‍മിക്കും. ലബോറട്ടറി, ഫാര്‍മസി, പരിശോധന-വാക്സിനേഷന്‍-ഒബ്സര്‍വേഷന്‍ മുറികള്‍, മൈനര്‍ ഓപ്പറേഷൻ തിയറ്റർ, ഒപി ടിക്കറ്റ് കൗണ്ടര്‍ സൗകര്യങ്ങള്‍ എന്നിവ ആരോഗ്യ കേന്ദ്രത്തിൽ ഉണ്ടാവും. ഓപ്പണ്‍ മാര്‍ക്കറ്റ്, കടകള്‍, സ്റ്റാളുകള്‍, കുട്ടികള്‍ക്ക് കളി സ്ഥലം, പാര്‍ക്കിങ് എന്നിവയും സജ്ജീകരിക്കും. ടൗൺഷിപ്പിനുള്ളിൽ ആധുനിക നിലവാരത്തിൽ റോഡുകൾ നിർമിക്കും∙ മൾട്ടി പര്‍പ്പസ് ഹാള്‍, കളി സ്ഥലം, ലൈബ്രറി, സ്പോട്സ് ക്ലബ്ബ്, ഓപ്പണ്‍ എയര്‍ തിയറ്റര്‍ എന്നിവയോട് കൂടിയാണ് കമ്മ്യൂണിറ്റി സെന്റർ. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ- ഓപറേറ്റീവ് സൊസൈറ്റിയാണ് നിർമാണം . ഡിസംബറോടെ പദ്ധതി പൂർത്തിയാക്കാനാണ് നീക്കം.