ബി.ജെ.പിയെ അധികാരത്തിലെത്തിക്കുകയാണ് പാര്‍ട്ടി ദേശീയ നേതൃത്വം തന്നെ ഏല്‍പ്പിച്ച ദൗത്യം , രാജീവ് ചന്ദ്രശേഖര്‍

 ബി.ജെ.പിയെ അധികാരത്തിലെത്തിക്കുകയാണ് പാര്‍ട്ടി ദേശീയ നേതൃത്വം തന്നെ ഏല്‍പ്പിച്ച ദൗത്യം , രാജീവ് ചന്ദ്രശേഖര്‍

തിരുവനന്തപുരം: ബി.ജെ.പിയെ അധികാരത്തിലെത്തിക്കുകയാണ് പാര്‍ട്ടി ദേശീയ നേതൃത്വം തന്നെ ഏല്‍പ്പിച്ച ദൗത്യം. അത് പൂര്‍ത്തീകരിച്ച് മാത്രമേ താന്‍ മടങ്ങി പോകുകയുള്ളൂവെന്നും പുതുതായി ചുമതലയേറ്റ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ വ്യക്തമാക്കി. മാറ്റംകൊണ്ടുവരലാണ് ദൗത്യം. ആ മാറ്റം കേരളത്തില്‍ ഉണ്ടാകണമെങ്കില്‍ ബി.ജെ.പി, അധികാരത്തില്‍ വരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
‘തിരുവനന്തപുരത്ത് തന്നെ സ്ഥാനാര്‍ഥിയാക്കിയത് അപ്രതീക്ഷിതമായിരുന്നു. അന്ന് നല്‍കിയ മറുപടി തന്നെയാണ് ഇപ്പോഴും പറയാനുള്ളത്. സന്തോഷകരവും അഭിമാനകരവുമായ ഒരു ഉത്തരവാദിത്തമാണ് പാര്‍ട്ടി എനിക്ക് നല്‍കിയിട്ടുള്ളത്. പാര്‍ട്ടി പ്രവര്‍ത്തകരോടും നേതാക്കളോടും നന്ദി പറയുന്നു’ സംസ്ഥാന അധ്യക്ഷനായി ചുമതലയേറ്റ ശേഷം പാര്‍ട്ടി യോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് രാജീവ് ചന്ദ്രശേഖര്‍ വ്യക്തമാക്കി. 19 ശതമാനമുള്ള വോട്ട് വിഹിതം ഉയര്‍ത്തി രാഷ്ട്രീയ വിജയം നേടാന്‍ സാധിക്കണം. മാരാര്‍ജി മുതല്‍ സുരേന്ദ്രന്‍ വരെയുള്ളവര്‍ കഠിനാധ്വാനം ചെയ്തിട്ടാണ് ഇവിടംവരെ എത്തിയത്. ഭാവിയെ കുറിച്ച് ചിന്തിക്കുമ്പോഴും ബലിദാനികളുടെ ത്യാഗം ഒരിക്കലും മറക്കില്ല. കേരളത്തിലെ ബിജെപി പ്രവര്‍ത്തകരുടെ ശക്തി കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പോടെയാണ് തനിക്ക് മനസ്സിലായത്. 35 ദിവസംകൊണ്ടുള്ള പ്രചാരണത്തില്‍ മൂന്നര ലക്ഷം വോട്ട് പിടിക്കാനായത് ഇവിടുത്തെ പ്രവര്‍ത്തകരുടെ മിടുക്കും കഴിവുംകൊണ്ടാണ്. ബിജെപി പ്രവര്‍ത്തകരുടെ പാര്‍ട്ടിയായിരുന്നു. ഇനി മുമ്പോട്ട് പോകുമ്പോഴും പ്രവര്‍ത്തകരുടെ പാര്‍ട്ടി തന്നെയാകുമെന്ന് താന്‍ ഉറപ്പ് നല്‍കുന്നുവെന്നും രാജീവ് ചന്ദ്രശേഖര്‍ ചൂണ്ടിക്കാട്ടി. കേരളത്തിന് വളരെയധികം സാധ്യതകളുണ്ട്. ഇവിടുത്തെ യുവാക്കള്‍ അവസരം കിട്ടുമ്പോള്‍ തിളങ്ങുന്നുണ്ട്. എന്നാല്‍ ദക്ഷിണേന്ത്യയില്‍ മറ്റു സംസ്ഥാനങ്ങളേക്കാള്‍ കേരളം പിന്നോട്ട് പോകുന്നത് എന്തുകൊണ്ടാണെന്ന് നമ്മള്‍ ചോദിക്കണം. ഇവിടെയുള്ള യുവാക്കള്‍ക്ക് എന്തുകൊണ്ട് അവസരംകിട്ടുന്നില്ല. എന്തുകൊണ്ട് ഇവിടെ നിക്ഷേപം വരുന്നില്ല എന്നല്ലാം ചോദിക്കേണ്ടതുണ്ട്. കടമെടുത്താണ് ഇവിടുത്തെ സര്‍ക്കാര്‍ മുന്നോട്ട്‌പോകുന്നതെന്നും പുതിയ ബിജെപി അധ്യക്ഷന്‍ വിമര്‍ശിച്ചു. ‘കേരളത്തിലെ രണ്ട് പാര്‍ട്ടികള്‍ പാലിക്കപ്പെടാത്ത വാഗ്ദാനം നല്‍കിയതിനാല്‍ ആളുകള്‍ക്ക് അവരിലുള്ള വിശ്വാസം നഷ്ടപ്പെട്ടു. കേരളം വളരണം, കുട്ടികള്‍ക്ക് മികച്ച ഭാവി സൃഷ്ടിക്കണം. സംരംഭങ്ങള്‍ വരണം. അതാണ് ബിജെപിയുടെ ദൗത്യം. തകര്‍ന്ന് കിടന്ന ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ മോദി മികച്ചതാക്കി. ബിജെപി പുതിയ ഇന്ത്യയാക്കി മാറ്റി. അവസരങ്ങള്‍ ഉള്ള സ്ഥലത്തേക്കാണ് യുവത്വം പോകുന്നത്. സംസ്ഥാനത്ത് നിന്നും യുവത്വം പോയാല്‍ നിക്ഷേപങ്ങള്‍ ഇവിടെ വരില്ല. ഒരു ടീം ആയി നമുക്ക് ഓരോ വീട്ടിലും വികസന സന്ദേശം എത്തിക്കണം. വികസിത ഇന്ത്യ പോലെ വികസിത കേരളം ഉണ്ടാവണം. ഇന്ത്യയുടെ ദുര്‍ബല സമ്പദ് വ്യവസ്ഥയില്‍ നിന്ന് നാലാം സ്ഥാനത്തേക്ക് എത്തിച്ചിരിക്കുന്നത് പറഞ്ഞത് ചെയ്യുമെന്ന മോദി സര്‍ക്കാരിന്റെ നയമാണ്. കേരളത്തിലും ഞങ്ങളുടെ ദൗത്യം അതാണ്’ രാജീവ് ചന്ദ്രശേഖര്‍ കൂട്ടിച്ചേർത്തു. നിക്ഷേപവും തൊഴിലും വരുന്നത് കഴിവുള്ള യുവാക്കള്‍ ഉള്ള സംസ്ഥാനങ്ങളിലായിരിക്കും. കഴിവുള്ള യുവാക്കള്‍ അവസരങ്ങള്‍ ഉള്ള സംസ്ഥാനങ്ങളിലേക്ക് പോകും. അതുകൊണ്ട് അവസരങ്ങള്‍ ഉണ്ടാക്കിയില്ലെങ്കില്‍ യുവാക്കള്‍ വേറെ എവിടെയെങ്കിലും പോക്കുകയും അപ്പോള്‍ അവിടെ നിക്ഷേപംവരികയുമില്ല. ഇതാണ് യാഥാര്‍ഥ്യമെന്നും ഭാവിയിലെ ഫോര്‍മുല ഇതായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നോക്കുകൂലിയുള്ള കേരളത്തെയല്ല വേണ്ടത് നിക്ഷേപവും തൊഴിലും അവസരവും ഉള്ള കേരളമായിത്തീരണമെന്നും മാറ്റം കൊണ്ടുവരാന്‍ എന്‍ഡിഎ അധികാരത്തില്‍ വരണമെന്നും രാജീവ് ചന്ദ്രശേഖര്‍ കൂട്ടിച്ചേർത്തു.

Online News

Related post

Leave a Reply

Your email address will not be published. Required fields are marked *