75 വയസ് കഴിഞ്ഞവരെ പാര്‍ട്ടി കമ്മിറ്റികളില്‍നിന്ന് ഒഴിവാക്കണമെന്ന മാനദണ്ഡത്തില്‍ ഇളവ് അനുവദിക്കണമെന്ന് സി.പി.എം

ന്യൂഡല്‍ഹി: 75 വയസ് കഴിഞ്ഞവരെ പാര്‍ട്ടി കമ്മിറ്റികളില്‍നിന്ന് ഒഴിവാക്കണമെന്ന മാനദണ്ഡത്തില്‍ ഇളവ് അനുവദിക്കണമെന്ന് സി.പി.എം. കേന്ദ്ര കമ്മിറ്റിയില്‍ ആവശ്യം. പൊളിറ്റ്ബ്യൂറോയിലെ മുതിര്‍ന്ന അംഗങ്ങള്‍ക്ക് ഇളവ് അനുവദിക്കണമെന്ന ആവശ്യമാണ് കേന്ദ്ര കമ്മിറ്റിയില്‍ സി.പി.എം. ഉയര്‍ത്തിയത്. മുതിര്‍ന്ന നേതാക്കളില്‍ ചിലര്‍ക്ക് ഇളവ് അനുവദിച്ച് അവരുടെ അനുഭവസമ്പത്ത് മേല്‍കമ്മിറ്റിക്കളില്‍ പ്രയോജനപെടുത്തണമെന്ന ആവശ്യമാണ് കേന്ദ്ര കമ്മിറ്റിയില്‍ ഉയര്‍ന്നത്. കേന്ദ്ര കമ്മിറ്റിയില്‍ മൂന്ന് യുവഅംഗങ്ങളാണ് ഈ ആവശ്യം ഉന്നയിച്ചത്. എസ്എഫ്‌ഐയിലൂടെ പാര്‍ട്ടിയില്‍ എത്തിയ ഈ മൂന്ന് പേരും ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നവരാണ്. ഇവര്‍ക്ക് പുറമെ രണ്ട് മുതിര്‍ന്ന അംഗങ്ങളും കേന്ദ്ര കമ്മിറ്റിയില്‍ നടന്ന ചര്‍ച്ചയില്‍ ഈ ആവശ്യമുന്നയിച്ചു. എന്നാല്‍, പ്രായപരിധി മാനദണ്ഡത്തില്‍ ഇളവ് അനുവദിക്കണമോയെന്ന കാര്യത്തില്‍ അന്തിമതീരുമാനം എടുക്കേണ്ടത് അടുത്ത മാസം ചേരേണ്ട പാര്‍ട്ടി കോണ്‍ഗ്രസിലാണ്. പി.ബി. അംഗങ്ങള്‍ക്ക് ഉള്‍പ്പടെ പ്രായപരിധിയില്‍ ഇളവ് അനുവദിക്കില്ലെന്ന് കഴിഞ്ഞദിവസം സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ അറിയിച്ചു .