ഇലോൺ മസ്കിന്റെ സ്റ്റാർലിങ്ക് ഉപഗ്രഹ ഇന്റർനെറ്റ് സേവനത്തിന് ഇന്ത്യയിൽ പ്രവർത്തനാനുമതി ഏറക്കുറെ ഉറപ്പായെന്നു വ്യക്തമാക്കുന്നതായിരുന്നു കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവിന്റെ സമൂഹമാധ്യമ ഇടപെടൽ

ഇലോൺ മസ്കിന്റെ സ്റ്റാർലിങ്ക് ഉപഗ്രഹ ഇന്റർനെറ്റ് സേവനത്തിന് ഇന്ത്യയിൽ പ്രവർത്തനാനുമതി ഏറക്കുറെ ഉറപ്പായെന്നു വ്യക്തമാക്കുന്നതായിരുന്നു കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവിന്റെ സമൂഹമാധ്യമ ഇടപെടൽ. സ്റ്റാർലിങ്കിന് ഇന്ത്യയിലേക്കു സ്വാഗതമോതി അദ്ദേഹം വ്യാഴാഴ്ച രാത്രിയോടെയാണ് പോസ്റ്റ് ചെയ്തത്. വിദൂരമേഖലകളിലെ റെയിൽ പദ്ധതികൾക്ക് സ്റ്റാർലിങ്ക് കവറേജ് സഹായകരമാകുമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ പുലർച്ചെയോടെ പോസ്റ്റ് പിൻവലിച്ചു. സ്റ്റാർലിങ്കിന് രാജ്യത്ത് ഔദ്യോഗിക അനുമതി നൽകുന്നതിനു മുൻപ് ഒരു കേന്ദ്രമന്ത്രിക്ക് എങ്ങനെ സ്വാഗതം പറയാനാകുമെന്ന ചോദ്യമുയർന്നിരുന്നു. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വിശ്വസ്തനായ മസ്കിന്റെ 2 ബിസിനസ് സംരംഭങ്ങളാണ് ഏകദേശം ഒരേസമയത്ത് ഇന്ത്യയിലേക്ക് എത്തുന്നത്. സ്റ്റാർലിങ്കിനു പുറമേ ഇലക്ട്രിക് കാർ കമ്പനിയായ ടെസ്‍ല മുംബൈ ബാന്ദ്രയിൽ ഷോറൂം തുടങ്ങുന്നതിനായി കഴിഞ്ഞ ദിവസം റിക്രൂട്മെന്റ് ആരംഭിച്ചു. കഴിഞ്ഞ ദിവസമാണ് റിലയൻസ് ജിയോയും എയർടെലും സ്റ്റാർലിങ്കുമായി കൈകൊടുത്തത്. എതിർപ്പുകൾ മറികടന്നുള്ള ഈ പങ്കാളിത്തം ട്രംപിന്റെ പ്രീതി പിടിച്ചുപറ്റാനായി മോദി സംവിധാനം ചെയ്തതാണെന്ന് കോൺഗ്രസ് ആരോപിച്ചു. എന്നാൽ സ്റ്റാർലിങ്ക് ഇടപാടു നിർത്തിവയ്ക്കണമെന്ന് സിപിഎം ആവശ്യപ്പെട്ടു.