വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ രണ്ടാംഘട്ട വികസനത്തിനായി ഭൂമി കണ്ടെത്തുന്നതു കടൽ നികത്തിയായിരിക്കുമെന്നു തുറമുഖ കമ്പനി വ്യക്തമാക്കി

വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ രണ്ടാംഘട്ട വികസനത്തിനായി ഭൂമി കണ്ടെത്തുന്നതു കടൽ നികത്തിയായിരിക്കുമെന്നു തുറമുഖ കമ്പനി വ്യക്തമാക്കി. എന്നാൽ സ്വകാര്യ ഭൂമി ഏറ്റെടുക്കില്ല. വികസനത്തിന്റെ ഭാഗമായി കണ്ടെയ്നർ ടെർമിനൽ 1,200 മീറ്റർ കൂടി ദീർഘിപ്പിച്ച് ആകെ 2000 മീറ്റർ ആക്കും. ഇതിന്റെ ഭാഗമായി, 30 ലക്ഷം ടിഇയു വരെ വാർഷിക ശേഷിയുള്ള കണ്ടെയ്നർ യാർഡ് നിർമിക്കാൻ ആവശ്യമായ 77.17 ഹെക്ടർ ഭൂമിയാണ് ഡ്രെജിങ്ങിലൂടെ കടൽ നികത്തി കണ്ടത്തുക. ആദ്യഘട്ടത്തിൽ തുറമുഖ നിർമാണത്തിനായി 63 ഹെക്ടർ ഭൂമി കടൽ നികത്തി വികസിപ്പിച്ചിരുന്നു. വിഴിഞ്ഞം തുറമുഖത്തിന്റെ രണ്ടും മൂന്നും ഘട്ടങ്ങൾക്കു പാരിസ്ഥിതിക അനുമതി ലഭിച്ചതായി മന്ത്രി വി.എൻ.വാസവൻ വ്യക്തമാക്കി. രണ്ടും മൂന്നും ഘട്ട വികസനത്തിന്റെ ഭാഗമായി കണ്ടെയ്നർ ടെർമിനൽ 1,200 മീറ്റർ നീളത്തിലേക്ക് വിപുലീകരിക്കും. ബ്രേക്ക് വാട്ടറിന്റെ നീളം 900 മീറ്റർ കൂടി വർധിപ്പിക്കും. 2028ൽ ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും കൂടുതൽ സ്ഥാപിത ശേഷിയുള്ള കണ്ടെയ്നർ ടെർമിനൽ ആയി വിഴിഞ്ഞം രാജ്യാന്തര തുറമുഖം മാറുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. തുറമുഖത്തിന്റെ രണ്ടും മൂന്നും നാലും ഘട്ടങ്ങളുടെ വികസനത്തിനായി 10,000 കോടി രൂപയുടെ ചെലവാണു പ്രതീക്ഷിക്കുന്നത്.