വയനാട് ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരിതബാധിതരുടെ വായ്പകള്‍ എഴുതിത്തള്ളുന്ന കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം ഉണ്ടാകുന്നതുവരെ യാതൊരു റിക്കവറി നടപടികളും സ്വീകരിക്കരുതെന്ന തീരുമാനവുമായി ഹൈക്കോടതി

വയനാട് ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരിതബാധിതരുടെ വായ്പകള്‍ എഴുതിത്തള്ളുന്ന കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം ഉണ്ടാകുന്നതുവരെ യാതൊരു റിക്കവറി നടപടികളും സ്വീകരിക്കരുതെന്ന തീരുമാനവുമായി ഹൈക്കോടതി. വായ്പകള്‍ എഴുതിത്തള്ളുന്ന കാര്യത്തില്‍ മൂന്നാഴ്ചയ്ക്കകം തീരുമാനമുണ്ടാകുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചത് കണക്കിലെടുത്താണ് ഈ ഉത്തരവ്. ചൂരല്‍മല-മുണ്ടക്കൈ നിവാസികളുടെ പുനരധിവാസവുമായി ബന്ധപ്പെട്ട ഹര്‍ജിയിലാണ് ജസ്റ്റിസ് എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റിസ് എസ്. ഈശ്വരന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ബെഞ്ചിന്റെ നിര്‍ദേശം. വായ്പ എഴുതിത്തള്ളുന്ന കാര്യത്തില്‍ സംസ്ഥാനതല ബാങ്കേഴ്‌സ് സമിതിയുടെ ശുപാര്‍ശകള്‍കൂടി പരിഗണിച്ച് തീരുമാനമെടുക്കുമെന്ന് കേന്ദ്രസര്‍ക്കാരിനായി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എ.ആര്‍.എല്‍. സുന്ദരേശന്‍ വ്യക്തമാക്കി. അതുവരെ ജപ്തിനടപടികള്‍ ഉണ്ടാകുന്നില്ലെന്ന് സംസ്ഥാനസര്‍ക്കാരും ബാങ്കേഴ്‌സ് കമ്മിറ്റിയും ഉറപ്പാക്കണമെന്ന് കോടതി നിർദ്ദേശിച്ചു. കേന്ദ്രഫണ്ട് വിനിയോഗിച്ചുള്ള പുനരധിവാസപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ 2026 ഫെബ്രുവരി 11 വരെ സമയം നീട്ടിനല്‍കണമെന്ന കേരളത്തിന്റെ അപേക്ഷ പരിഗണനയിലാണെന്നും കേന്ദ്രസര്‍ക്കാര്‍ കൂട്ടിച്ചേർത്തു.