പാലക്കാട് എലപ്പുള്ളിയിൽ മദ്യനിർമാണശാല പാടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ വ്യക്തമാക്കി

പാലക്കാട് എലപ്പുള്ളിയിൽ മദ്യനിർമാണശാല പാടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ വ്യക്തമാക്കി. ‘‘ഇവർ എല്ലാവരും കൂടി തീരുമാനിച്ച കെ റെയിൽ തടഞ്ഞതുപോലെ ഇതും നടപ്പാക്കാൻ അനുവദിക്കില്ല. ഈ വിഷയത്തിൽ മുഖ്യമന്ത്രിയുമായി സംവാദത്തിനു തയാറാണ്. സ്ഥലവും തീയതിയും സർക്കാരിനു തീരുമാനിക്കാം. വാശിപിടിച്ചു ചെയ്യുന്നതു മുഖ്യമന്ത്രി ആയതുകൊണ്ടു മുഖ്യമന്ത്രി മറുപടി പറയണം. തെറ്റായ രീതിയിലാണു മദ്യക്കമ്പനി ഇവിടേക്കു വരുന്നത്. ആവശ്യമായ വെള്ളം സംബന്ധിച്ചു പറയുന്ന കാര്യങ്ങൾ തെറ്റാണ്. മഴവെള്ള സംഭരണികളിൽ ഒരു വർഷം ശേഖരിക്കുന്ന വെള്ളം കമ്പനിക്ക് ഒരു ദിവസത്തേക്കു പോലും തികയില്ല. ബ്രൂവറി വിഷയത്തിൽ സിപിഐ ആസ്ഥാനത്തു പോയി അവരെ മുഖ്യമന്ത്രി അപമാനിച്ചു. സാധാരണ എകെജി സെന്ററിൽ വച്ചാണ് ഇങ്ങനെ നടക്കുന്നത്. ഇത്തവണ മുഖ്യമന്ത്രി എം.എൻ.സ്മാരകത്തിൽ പോയാണ് സിപിഐക്കിട്ട് ഈ പണി കൊടുത്തത്. എൽഡിഎഫ് ചർച്ച ചെയ്യാത്ത വിഷയം മന്ത്രിസഭയിൽ കൊണ്ടുവന്നു പാസാക്കുകയായിരുന്നു. ഇടതുമുന്നണിയിലെ കക്ഷികളെപ്പോലും ബോധ്യപ്പെടുത്താൻ എക്സൈസ് മന്ത്രിക്കു കഴിഞ്ഞില്ല. തീരുമാനങ്ങൾ മുഖ്യമന്ത്രി അടിച്ചേൽപ്പിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. കേരളത്തിൽ മൂന്നുലക്ഷത്തിലധികം വ്യവസായശാലകൾ തുടങ്ങിയെന്ന വ്യവസായമന്ത്രിയുടെ പ്രസ്താവന തെറ്റാണ്. പാവപ്പെട്ടവൻ കടമെടുത്തും മറ്റും തുടങ്ങിയ കടകൾ പോലും പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുകയാണ്. 7000 രൂപ ഓണറേറിയം വർധിപ്പിക്കണമെന്ന ആശ വർക്കർമാരുടെ ആവശ്യം പരിഗണിക്കാത്ത സർക്കാരാണ് പിഎസ്സി ചെയർമാനും അംഗങ്ങൾക്കും ശമ്പളം കുത്തനെ വർധിപ്പിക്കുന്നത്. പട്ടികജാതി വിഭാഗക്കാരുടെ ഫണ്ട് വെട്ടിക്കുറയ്ക്കുന്ന സർക്കാരാണ് ഇത് ചെയ്യുന്നത്. ജനങ്ങളെ അവഹേളിക്കുകയാണ്.ശശി തരൂർ എംപിയുമായി തർക്കിക്കാനില്ല. സർക്കാരുമായി ഞങ്ങൾ പ്രതിവാദം നടത്തുന്ന ഒരു വിഷയത്തിൽ അദ്ദേഹം സർക്കാരിന് അനുകൂലമായി ലേഖനം എഴുതിയപ്പോൾ അതിലെ കണക്കുകൾ ശരിയല്ലെന്നു തെളിയിക്കുകയാണു ചെയ്തത്. തരൂർ കോൺഗ്രസ് പ്രവർത്തക സമിതി അംഗമാണ്. അദ്ദേഹത്തോടു സംസാരിക്കേണ്ടത് അഖിലേന്ത്യാ നേതൃത്വമാണ്. ഞങ്ങളൊക്കെ ഏറെ താഴെ നിൽക്കുന്ന ആളുകളാണ്. അദ്ദേഹത്തെ ശാസിക്കാനോ ഉപദേശിക്കാനോ തിരുത്താനോ ശേഷിയുള്ള ആളുകൾ അല്ല ഞങ്ങൾ. അദ്ദേഹം പറഞ്ഞതെന്താണെന്നു ബാക്കിയുള്ളവർ വിലയിരുത്തട്ടെ. അദ്ദേഹം മത്സരിച്ചപ്പോൾ വിജയിപ്പിക്കാൻ വേണ്ടി ഏറെ പ്രവർത്തിച്ച ആളാണ് ഞാൻ. ഒരു വിവാദത്തിനുമില്ല. കോൺഗ്രസിന്റെ സംസ്ഥാന നേതൃത്വത്തിൽ യാതൊരു തരത്തിലുള്ള തർക്കവുമില്ലന്ന് പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.