മുല്ലപ്പെരിയാര്‍ അണക്കെട്ടിന് സുരക്ഷാ ഭീഷണി ഉണ്ട് എന്നത് ആശങ്ക മാത്രമാണെന്ന് സുപ്രീം കോടതിയുടെ നിരീക്ഷണം

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന് സുരക്ഷാ ഭീഷണി ഉണ്ട് എന്നത് ആശങ്ക മാത്രമാണെന്ന് സുപ്രീം കോടതിയുടെ നിരീക്ഷണം. ആസ്ട്രിക്‌സ് ആന്‍ഡ് ഒബ്ലിക്‌സ് എന്ന പ്രശസ്തമായ കാര്‍ട്ടൂണില്‍ ആകാശം ഇടിഞ്ഞ് വീഴുമെന്ന് കഥാപാത്രം ആശങ്കപ്പെടുന്നത് പോലെയാണ് മുല്ലപ്പെരിയാറിലെ സുരക്ഷാ ഭീഷണിയെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. അണക്കെട്ടുമായി ബന്ധപ്പെട്ട വിവിധ ഹര്‍ജികള്‍ മൂന്ന് അംഗ ബെഞ്ച് പരിഗണിക്കുമെന്നും സുപ്രീം കോടതി അറിയിച്ചു. അണക്കെട്ടിന്റെ സുരക്ഷാ ഭീഷണിയുമായി ബന്ധപ്പെട്ട ഡോ. ജോ ജോസഫ് ഫയല്‍ ചെയ്ത ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. ഹര്‍ജി പരിഗണിച്ച ബെഞ്ചിലെ അംഗങ്ങളായ ജസ്റ്റിസ് ഋഷികേശ് റോയിയും ജസ്റ്റിസ് എസ്.വി ഭട്ടിയും നേരത്തെ കേരള ഹൈക്കോടതിയിലെ ജഡ്ജിമാര്‍ ആയിരുന്നു. ജസ്റ്റിസ് ഋഷികേശ് റോയ് കേരള ഹൈക്കോടതിയില്‍ ഒന്നര വര്‍ഷത്തോളം ചീഫ് ജസ്റ്റിസ് ആയിരുന്നു. അണക്കെട്ട് സുരക്ഷ ഭീഷണി നേരിടുന്നുവെന്ന് ഡോ. ജോസഫിന്റെ അഭിഭാഷകന്‍ ജെയിംസ് തോമസ് കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. തുടര്‍ന്നാണ് ഇത് വെറും ആശങ്ക മാത്രമാണെന്ന് കോടതി ചൂണ്ടിക്കാട്ടിയത്. ഒന്നര വര്‍ഷത്തോളമായി താന്‍ ഈ പറയുന്ന ഭീഷണിക്ക് കീഴില്‍ ആയിരുന്നു താമസിച്ചിരുന്നതെന്ന് ജസ്റ്റിസ് ഋഷികേശ് റോയ് ചൂണ്ടിക്കാട്ടി. ആകാശം ഇടിഞ്ഞ് വീഴുമെന്ന് കാര്‍ട്ടൂണ്‍ കഥാപാത്രം പറയുന്നത് പോലെയാണ് ഭീഷണിയെക്കുറിച്ചുളള ആശങ്ക എന്നും ബെഞ്ച് ചൂണ്ടിക്കാട്ടി. 135 വര്‍ഷം മുമ്പ് പണിത അണക്കെട്ട് ആണ് മുല്ലപ്പെരിയാറിലേത്. അത്രയും വര്‍ഷത്തെ കാലവര്‍ഷം അതിജീവിച്ച അണക്കെട്ട് നിര്‍മ്മിച്ച വരെ അഭിനന്ദിക്കുകയാണ് വേണ്ടത് എന്നും കോടതി അഭിപ്രായപ്പെട്ടു. മുല്ലപെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷ ഭീഷണിയും ആയി ബന്ധപ്പെട്ട വിവിധ ഹര്‍ജികള്‍ മൂന്നംഗ ബെഞ്ചിന്റെ പരിഗണനയില്‍ ആണെന്ന് സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ ജയ്ദീപ് ഗുപ്തയും, അഭിഭാഷകന്‍ ജി. പ്രകാശും ചൂണ്ടിക്കാട്ടി. തുടര്‍ന്ന് എല്ലാ ഹര്‍ജികളും മൂന്നംഗ ബെഞ്ച് പരിഗണിക്കട്ടെയെന്ന് വ്യക്തമാക്കി രണ്ടംഗ ബെഞ്ച് ഹര്‍ജി മാറ്റി.