പാലക്കാട് ജില്ലയിൽ കഞ്ചിക്കോട് എഥനോൾ പ്ലാന്റ്; ഇന്ത്യൻ നിർമ്മിത വിദേശമദ്യ ബോട്ടിലിങ്ങ് യൂണിറ്റ്

തിരുവനന്തപുരം: പാലക്കാട് ജില്ലയിലെ കഞ്ചിക്കോട് എഥനോൾ പ്ലാന്റ്, മൾട്ടി ഫീഡ് ഡിസ്റ്റിലേഷൻ യൂണിറ്റ്, ഇന്ത്യൻ നിർമ്മിത വിദേശമദ്യ ബോട്ടിലിങ്ങ് യൂണിറ്റ്, ബ്രൂവറി, മാൾട്ട് സ്പിരിറ്റ് പ്ലാന്റ്, ബ്രാണ്ടി/ വൈനറി പ്ലാന്റ് എന്നിവ ആരംഭിക്കുന്നതിന് ഒയാസിസ് കൊമേർഷ്യൽ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്ക് അനുമതി നൽകിയുള്ള മന്ത്രിസഭ തീരുമാനം ദുരൂഹമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. രാജ്യത്തെ പ്രമുഖ മദ്യ നിർമ്മാണ കമ്പനികളിൽ ഒന്നായ ഒയാസിസിന് ബ്രൂവറി അടക്കം അനുവദിക്കാനുള്ള തീരുമാനം എന്ത് അടിസ്ഥാനത്തിൽ ആണെന്ന് സർക്കാർ വ്യക്തമാക്കണം. ഒരു കമ്പനിയെ മാത്രം എങ്ങനെ തിരഞ്ഞെടുത്തുവെന്നും മാനദണ്ഡങ്ങൾ എന്താണെന്നും സർക്കാർ പൊതുസമൂഹത്തോട് പറയണം. മദ്യ നിർമ്മാണത്തിന്റെ പേരിലുള്ള അഴിമതി പ്രതിപക്ഷം അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 26 വർഷമായി സംസ്ഥാനത്ത് മദ്യ നിർമാണശാലകൾ അനുവദിക്കുന്നില്ല. ആരെങ്കിലും അപേക്ഷിച്ചാൽ മദ്യനിർമാണശാലകൾ അനുവദിക്കേണ്ടതില്ലെന്നും 1999 ലെ നയപരമായ തീരുമാനം എടുത്തിട്ടുണ്ടെന്നും പറഞ്ഞ് നിരസരിക്കുകയായിരുന്നു പതിവ്. 2018 ലും ബ്രൂവറി അനുവദിക്കാൻ ഒളിച്ചും പാത്തും സർക്കാർ നീക്കം നടത്തിയിരുന്നു. അത് പ്രതിപക്ഷം പൊളിച്ചു. അന്ന് പൊളിഞ്ഞ അഴിമതി നീക്കം തുടർ ഭരണത്തിന്റെ അഹങ്കാരത്തിൽ വീണ്ടും നടത്താനാണ് പിണറായി സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.1999 മുതൽ കൈക്കൊണ്ടിരുന്ന നിലപാടിൽ എങ്ങിനെ മാറ്റം വന്നു എന്നും ഇപ്പോൾ ഈ കമ്പനിയെ മാത്രം തിരഞ്ഞെടുത്തതും ദുരൂഹത വർധിപ്പിക്കുന്നു. ജല ദൗർലഭ്യം രൂക്ഷമായ പാലക്കാടിനെ ഈ യൂണിറ്റ് എങ്ങിനെ ബാധിക്കുമെന്ന ആശങ്കയും ഉണ്ട്. ഭൂഗർഭ ജലം ഊറ്റിയെടുത്ത കൊക്ക കോള കമ്പനിയെ വർഷങ്ങൾ നീണ്ട സമരത്തിനൊടുവിലാണ് പ്ലാച്ചിമടയിൽ നിന്നും പുറത്താക്കാനായത്. അത്തരമൊരു സ്ഥിതിവിശേഷം വീണ്ടും ഉണ്ടാക്കരുത്. സർക്കാരിന്റെ പ്രഖ്യാപിത നയപരിപാടിക്ക് വിരുദ്ധമായാണ് ഇപ്പോൾ എടുത്തിരിക്കുന്ന തീരുമാനം. സുതാര്യമല്ലാത്ത ഈ തീരുമാനത്തിനു പിന്നിൽ വൻ അഴിമതി നടന്നിട്ടുണ്ടെന്ന് വ്യക്തമാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.