ബഹിരാകാശ രംഗത്ത് ഐഎസ്ആർഒയ്ക്ക് മറ്റൊരു ചരിത്ര നേട്ടം; ആദ്യ സ്പേസ് ഡോക്കിംഗ് പരീക്ഷണമായ സ്പേഡെക്സ് വിജയമായി

ബെംഗളൂരു: ബഹിരാകാശ രംഗത്ത് ഐഎസ്ആർഒയ്ക്ക് മറ്റൊരു ചരിത്ര നേട്ടം. രാജ്യത്തിൻറെ ചരിത്രത്തിലെ ആദ്യ സ്പേസ് ഡോക്കിംഗ് പരീക്ഷണമായ സ്പേഡെക്സ് വിജയമായി. ഇന്ന് രാവിലെയാണ് സ്പേഡെക്സ് ദൗത്യത്തിലെ ചേസർ, ടാർഗറ്റ് ഉപഗ്രഹങ്ങൾ ബഹിരാകാശത്ത് കൈകൊടുത്ത് ഒന്നായി മാറിയത്. വിക്ഷേപണത്തിന് ശേഷമുള്ള നാലാം പരിശ്രമത്തിലാണ് ഉപഗ്രഹങ്ങൾ ബഹിരാകാശത്ത് കൂട്ടിച്ചേർക്കാൻ ഐഎസ്ആർഒയ്ക്കായത്. ഇന്ത്യയുടെ സ്വന്തം ബഹിരാകാശ നിലയമായ ഭാരതീയ അന്തരീക്ഷ സ്റ്റേഷൻ അടക്കമുള്ള പദ്ധതികൾക്ക് ഇസ്രൊയ്ക്ക് അനിവാര്യമായ സാങ്കേതികവിദ്യയാണ് സ്‌പേസ് ഡോക്കിംഗ്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് 2024 ഡിസംബർ 30-ാം തിയതിയാണ് പിഎസ്എൽവി-സി60 ലോഞ്ച് വെഹിക്കിളിൽ രണ്ട് സ്പേഡെക്സ് സാറ്റ്‌ലൈറ്റുകൾ ഐഎസ്ആർഒ വിക്ഷേപിച്ചത്. എസ്‌ഡിഎക്സ് 01- ചേസർ, എസ്ഡിഎക്സ് 02- ടാർഗറ്റ് എന്നിങ്ങനെയായിരുന്നു ഈ ഉപഗ്രഹങ്ങളുടെ പേരുകൾ. ജനുവരി 6ന് ഇവയുടെ ഡോക്കിംഗ് പരീക്ഷണം നടത്താനായിരുന്നു ഇസ്രൊ ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാൽ സാങ്കേതിക കാരണങ്ങളാൽ ഈ ശ്രമം 9-ാം തിയതിയിലേക്ക് നീട്ടിവെച്ചു. ഒൻപതാം തിയതി ചേസർ, ടാർഗറ്റ് ഉപഗ്രഹങ്ങൾ തമ്മിലുള്ള അകലം 500 മീറ്ററിൽ നിന്ന് 225 മീറ്ററിലേക്ക് കുറച്ചുകൊണ്ടുവരുന്നതിനിടെ വീണ്ടും സാങ്കേതിക പ്രശ്‌നം നേരിട്ടതിനാൽ ഡോക്കിംഗ് പരീക്ഷണം രണ്ടാമതും നീട്ടുന്നതായി ഇസ്രൊ അറിയിക്കുകയായിരുന്നു. പിന്നീട് ഐഎസ്ആർഒ ഏറെ കരുതലോടെയാണ് ഡോക്കിംഗിനായുള്ള മൂന്നാം ശ്രമം ആരംഭിച്ചത്. പതിനൊന്നാം തിയതിയിലെ മൂന്നാം പരിശ്രമത്തിൽ 500 മീറ്ററിൽ നിന്ന് 230 മീറ്ററിലേക്കും 105 മീറ്ററിലേക്കും 15 മീറ്ററിലേക്കും 3 മീറ്ററിലേക്കും ഇസ്രൊ അനായാസം ഉപഗ്രഹങ്ങളെ കൊണ്ടുവന്നു. എന്നാൽ ഇതൊരു ട്രെയൽ മാത്രമായിരുന്നു എന്ന അറിയിപ്പ് പിന്നാലെ ഐഎസ്ആർഒയുടെ ഭാഗത്ത് നിന്നെത്തി. ഉപഗ്രഹങ്ങളെ വീണ്ടും സുരക്ഷിതമായ അകലത്തിലേക്ക് മാറ്റുകയും ചെയ്തു. വിവരങ്ങൾ പഠിച്ച ശേഷമേ അടുത്ത നീക്കമുണ്ടാകൂ എന്ന അറിയിപ്പ് വന്നതോടെ ആകാംക്ഷ ഇരട്ടിച്ചു. ഒടുവിൽ കാത്തിരിപ്പ് അവസാനിപ്പിച്ച് ഇന്ന് രാവിലെ സ്പേഡെക്സ് സ്പേസ് ഡോക്കിംഗ് പരീക്ഷണം വിജയത്തിലെത്തിയതായുള്ള അഭിമാന വാർത്ത പുറത്തുവരികയായിരുന്നു.