മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ സംസ്‌കാരച്ചടങ്ങുകളുമായി ബന്ധപ്പെട്ട വിവാദത്തില്‍ കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ച് കേന്ദ്ര മന്ത്രി ഹര്‍ദീപ് സിങ് പുരി

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ സംസ്‌കാരച്ചടങ്ങുകളുമായി ബന്ധപ്പെട്ട വിവാദത്തില്‍ കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ച് കേന്ദ്ര മന്ത്രി ഹര്‍ദീപ് സിങ് പുരി. കോണ്‍ഗ്രസിന്റെ വില കുറഞ്ഞ രാഷ്ട്രീയം കളിക്കാനുള്ള സമയമല്ല ഇതെന്നും അനാവശ്യ വിവാദങ്ങളുണ്ടാക്കാനാണ് കോണ്‍ഗ്രസിന്റെ ശ്രമമെന്നും ഹര്‍ദീപ് സിങ് പുരി ചൂണ്ടിക്കാട്ടി. ഡല്‍ഹിയിലെ നിഗം ബോധ് ഘട്ട് മന്‍മോഹന്‍ സിങ്ങിന്റെ സംസ്‌കാര ചടങ്ങിന് യോജിച്ച സ്ഥലമല്ലെന്ന കോണ്‍ഗ്രസ് വാദവും കേന്ദ്ര മന്ത്രി തള്ളിക്കളഞ്ഞു. ‘മന്‍മോഹന്‍ സിങ്ങ് മരിച്ചതിന്റെ തൊട്ടടുത്ത ദിവസം പ്രധാനമന്ത്രി മന്ത്രിസഭാ യോഗം വിളിച്ച് അദ്ദേഹത്തിന് ഏറ്റവും മികച്ച രീതിയിലുള്ള ഔദ്യോഗക സംസ്‌കാരം ഒരുക്കാന്‍ തീരുമാനിച്ചിരുന്നു. അദ്ദേഹത്തിന് സ്മാരകം വേണമെന്ന കോണ്‍ഗ്രസിന്റെ ആവശ്യവും ആഭ്യന്തര മന്ത്രാലയം അംഗീകരിച്ചതാണ്. നിഗം ബോധ് ഘട്ട് താരതമ്യേന ഉയര്‍ന്ന പ്രദേശമാണ്. മറ്റൊരു ഒഴിഞ്ഞ ഭൂമിയാണ് ഇതിനായി തിരഞ്ഞെടുത്തതെങ്കില്‍ ഇടയ്ക്കിടെ വെള്ളം കെട്ടി നില്‍ക്കുന്ന സാഹചര്യമുണ്ടാകുമായിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ഡല്‍ഹിയില്‍ കനത്ത മഴയും വെള്ളപ്പൊക്കവുമാണുണ്ടായത്. എന്നാല്‍ അതൊന്നും നിഗം ബോധ് ഘട്ടിനെ ബാധിച്ചില്ല.’-ഹര്‍ദീപ് സിങ്ങ് പുരി വ്യക്തമാക്കി. മന്‍മോഹന്‍ സിങ്ങിന്റെ ചിതാഭസ്മം നിമജ്ജനം ചെയ്യുമ്പോള്‍ കോണ്‍ഗ്രസുകാര്‍ ആരേയും അവിടെ കണ്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘മന്‍മോഹന്‍ സിങ് പ്രധാനമന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹം അറിയാതെ ബെയ്ജിങ്ങില്‍ പോയി കോണ്‍ഗ്രസ് ധാരാണാപത്രം ഒപ്പിട്ടു. അദ്ദേഹം പ്രധാനമന്ത്രി പദത്തില്‍ രണ്ട് ഘട്ടം പൂര്‍ത്തിയാക്കിയപ്പോള്‍ അവരുടെ യുവനേതാക്കള്‍ അദ്ദേഹത്തിന്റെ വിടവാങ്ങലിന് എത്തിയില്ല. ഇന്നും അദ്ദേഹത്തിന്റെ ചിതാഭസ്മം നിമജ്ജനം ചെയ്യുമ്പോള്‍ ഞങ്ങളുടെ ആളുകള്‍ അവിടെ ഉണ്ടായിരുന്നു.എന്നാൽ കോണ്‍ഗ്രസുകാര്‍ ആരേയും കണ്ടില്ല എന്നും ഹര്‍ദീപ് സിങ് പുരി വ്യക്തമാക്കി. മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പെയിയുടെ സംസ്‌കാര ചടങ്ങുകള്‍ രാജ്ഘട്ടില്‍ നടത്തിയില്ലേ എന്ന മാധ്യമപ്രവര്‍ത്തരുടെ ചോദ്യത്തിനും ഹര്‍ദീപ് സിങ്ങ് പുരി മറുപടി നല്‍കി. ഇതുപോലെ കനത്ത മഴ പെയ്യുമ്പോള്‍ രാജ് ഘട്ടില്‍ സംസ്‌കാരചടങ്ങിന് ആവശ്യമായ ക്രമീകരണങ്ങള്‍ നടത്താന്‍ സാധ്യമാണോ എന്ന് നമ്മള്‍ കോണ്‍ഗ്രസിനോട് ചോദിക്കണമെന്നായിരുന്നു കേന്ദ്ര മന്ത്രിയുടെ മറുപടി. കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്ത് പ്രധാനമന്ത്രിയായിരുന്ന പി.വി നരസിംഹ റാവു മരിക്കുന്നത് 2004 ഡിസംബറിലാണെന്നും അന്ന് അദ്ദേഹത്തിന്റെ ഭൗതികശരീരം എഐസിസി ആസ്ഥാനത്ത് പ്രവേശിപ്പിക്കാന്‍പോലും അനുവദിച്ചില്ലെന്നും ഹര്‍ദീപ് സിങ് പുരി ചൂണ്ടിക്കാട്ടി. നരസിംഹ റാവുവിന് സ്മാരകം പണിയാന്‍ സ്ഥലം നല്‍കിയത് നരേന്ദ്ര മോദി പ്രധാനമന്ത്രിയായ ശേഷമാണെന്നും കേന്ദ്ര മന്ത്രി ഹര്‍ദീപ് സിങ് കൂട്ടിച്ചേര്‍ത്തു.