ബംഗ്ലദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ മടക്കി അയയ്ക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യയ്ക്ക് ബംഗ്ലദേശ് ഇടക്കാല സർക്കാരിന്റെ കത്ത്

ബംഗ്ലദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ മടക്കി അയയ്ക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യയ്ക്ക് ബംഗ്ലദേശ് ഇടക്കാല സർക്കാരിന്റെ കത്ത്. ഹസീനയ്ക്ക് ബംഗ്ലദേശിൽ നിയമനടപടി നേരിടേണ്ടതുണ്ടെന്ന് കാട്ടിയാണ് നയതന്ത്രതലത്തിൽ കത്തയച്ചതെന്ന് ഇടക്കാല സർക്കാരിലെ വിദേശകാര്യ ഉപദേഷ്ടാവ് തൗഹീദ് ഹുസൈൻ മാധ്യമങ്ങളോട് പ്രതികരിച്ചു. ജനകീയ പ്രക്ഷോഭത്തിൽ അധികാരം നഷ്ടമായതിനെത്തുടർന്ന്, ബംഗ്ലദേശ് വിട്ട ഓഗസ്റ്റ് 5 മുതൽ ഷെയ്ഖ് ഹസീന ഇന്ത്യയിൽ കഴിയുകയാണ്. വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രിയുടെ ബംഗ്ലദേശ് സന്ദർശനത്തിനു പിന്നാലെയാണ് ഹസീനയെ തിരിച്ചയയ്ക്കണമെന്നാവശ്യപ്പെട്ട് കത്തയയ്ക്കുന്നത്. ഹസീന ഇന്ത്യയിൽ തുടരുന്നതിനെക്കുറിച്ചും മിശ്രിയും ബംഗ്ലദേശ് മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസും ചർച്ച നടത്തിയിരുന്നു. ഇന്ത്യയിലുള്ള ഹസീന ബംഗ്ലദേശ് സർക്കാരിനെതിരെ ചില പ്രസ്താവനകൾ നടത്തുന്നത് ആശങ്കാജനകമാണെന്നായിരുന്നു യൂനുസിന്റെ ഓഫിസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞിരുന്നത്. ജൂലൈ മുതൽ ബംഗ്ലദേശിൽ നടന്ന സർക്കാർ വിരുദ്ധ പ്രക്ഷോഭത്തെ അടിച്ചമർത്താൻ ശ്രമിച്ചതുമായി ബന്ധപ്പെട്ട് ഷെയ്ഖ് ഹസീനയുടെയും ഹസീന മന്ത്രിസഭയിലെ മന്ത്രിമാർക്കുമെതിരെ ധാക്ക ആസ്ഥാനമായുള്ള രാജ്യാന്തര കുറ്റകൃത്യ ട്രൈബ്യൂണൽ വംശഹത്യ, മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങൾ എന്നീ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഐസിടി അറസ്റ്റ് വാറന്റും പുറപ്പെടുവിച്ചിരുന്നു. ഇതുവരെ 200ലേറെ കേസുകളാണ് ഹസീനയ്ക്കെതിരെ ബംഗ്ലദേശ് ചുമത്തിയത്. ഇതിൽ 179 എണ്ണം കൊലക്കുറ്റങ്ങളാണ്. മനുഷ്യത്വത്തിനെതിരെയുള്ള കുറ്റം, വംശഹത്യ, തട്ടിക്കൊണ്ടു പോകൽ എന്നിവയും ഹസീനയുടെ പേരിലുള്ള കേസുകളിൽ ഉൾപ്പെടുന്നു. ഇവയെല്ലാം ഇരു രാജ്യങ്ങളിലും കുറ്റകരമായതും പലതും ഒരുവർഷത്തിലേറെയോ വധശിക്ഷ തന്നെയോ ലഭിക്കാവുന്നതുമായ കുറ്റങ്ങളുമാണ്. അതുകൊണ്ടുതന്നെ നയതന്ത്ര തലത്തിലുള്ള ബംഗ്ലദേശിന്റെ വിട്ടയയ്ക്കൽ അപേക്ഷ ഇന്ത്യയ്ക്ക് പരിഗണിക്കേണ്ടി വരും.