രാജ്യസഭയില്‍ കോണ്‍ഗ്രസിനെയും നെഹ്‌റു കുടുംബത്തെയും കടന്നാക്രമിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ

ന്യൂഡല്‍ഹി: രാജ്യസഭയില്‍ കോണ്‍ഗ്രസിനെയും നെഹ്‌റു കുടുംബത്തെയും കടന്നാക്രമിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ. ഭരണഘടനയെ കോണ്‍ഗ്രസ് ഒരു കുടുംബത്തിന്റെ സ്വകാര്യ സ്വത്തായി കണക്കാക്കുകയും അധികാരത്തില്‍ തുടരാന്‍ അത് ഭേദഗതി വരുത്തുകയും ചെയ്‌തെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ‘ഇന്ത്യന്‍ ഭരണഘടനയുടെ 75 വര്‍ഷത്തെ മഹത്തായ യാത്ര’എന്ന ചര്‍ച്ചയ്ക്ക് മറുപടി നല്‍കവേയാണ് മന്ത്രി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. അടിമത്ത മനോഭാവത്തില്‍ നിന്ന് മോദി സര്‍ക്കാര്‍ രാജ്യത്തെ മോചിപ്പിച്ചതായും അമിത് ഷാ അവകാശപ്പെട്ടു. സവര്‍ക്കർ ഏറ്റവും വലിയ രാജ്യസ്‌നേഹിയാണെന്ന് പറഞ്ഞ അമിത് ഷാ ആളുകള്‍ അദ്ദേഹത്തെകുറിച്ച് സംസാരിക്കുന്നത് യാഥാര്‍ഥ്യം അറിയാതെയണെന്നും കൂട്ടിച്ചേര്‍ത്തു. ‘ആളുകള്‍ വസ്തുതകള്‍ അറിയാതെയാണ് സംസാരിക്കുന്നത്. വീര്‍ സവര്‍ക്കര്‍ രണ്ടു ജീവപര്യന്തം ശിക്ഷ അഭിമുഖീകരിച്ചിട്ടുണ്ട്. ഏറ്റവും വലിയ രാജ്യസ്‌നേഹിയാണ്’ – ഷാ പറഞ്ഞു. വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് വേണ്ടി കോണ്‍ഗ്രസ് വര്‍ഷങ്ങളോളം മുസ്‌ലിം സ്ത്രീകളുടെ അവകാശങ്ങള്‍ ഇല്ലാതാക്കിയെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു. 16 വര്‍ഷക്കാലത്തെ ബിജെപി ഭരണകാലയളവില്‍ 22 തവണയാണ് ഭരണഘടനാഭേദഗതി വരുത്തിയത്. 55 വര്‍ഷത്തെ കോണ്‍ഗ്രസ് ഭരണകാലത്ത് 77 തവണ ഭേദഗതി വരുത്തി. തോല്‍ക്കുമെന്ന ഭയംകൊണ്ടാണ് ഒരു രാജ്യം ഒറ്റത്തിരഞ്ഞെടുപ്പിനെ കോണ്‍ഗ്രസ് എതിര്‍ക്കുന്നത്. തിരഞ്ഞെടുപ്പുകള്‍ തോല്‍ക്കുമ്പോള്‍ കോണ്‍ഗ്രസ് ഇലക്ട്രോണിക് വോട്ടിങ് മെഷീനെ കുറ്റംപറയും. ഇവിഎമ്മുകള്‍ ഹാക്ക് ചെയ്യുന്നത് വെല്ലുവിളിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന്‍ മൂന്ന് ദിവസം രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ചുവരെ കാത്തിരുന്നു. ആരും എത്തിയില്ല. മഹാരാഷ്ട്രയിലെ ജനങ്ങള്‍ അവരുടെ കള്ളത്തിന് തക്ക മറുപടി നല്‍കി. മഹാരാഷ്ട്രയില്‍ ഇവിഎമ്മിനെ കുറ്റംപറഞ്ഞ് വിട്ടുനിന്ന പ്രതിപക്ഷം അതേദിവസം ഝാര്‍ഖണ്ഡില്‍ സത്യപ്രതിജ്ഞ നടത്തിയെന്നും അമിത് ഷാ പറഞ്ഞു. കോണ്‍ഗ്രസ് സംവരണവിരുദ്ധ പാര്‍ട്ടിയാണെന്നും ഷാ പറഞ്ഞു.