മഹാരാഷ്ട്ര നിയമസഭയിലെ നിയുക്ത എം.എല്‍.എമാരുടെ സത്യപ്രതിജ്ഞാചടങ്ങ് ബഹിഷ്‌കരിച്ച് മഹാ വികാസ് അഘാഡി

മഹാരാഷ്ട്ര നിയമസഭയിലെ നിയുക്ത എം.എല്‍.എമാരുടെ സത്യപ്രതിജ്ഞാചടങ്ങ് ബഹിഷ്‌കരിച്ച് മഹാ വികാസ് അഘാഡി. മഹായുതി സഖ്യം വിജയിച്ചത് ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളില്‍ ക്രമക്കേട് നടത്തിക്കൊണ്ടാണെന്ന് ആരോപിച്ചായിരുന്നു എം.വി.എ. സഭ വിട്ടിറങ്ങിയത്. അതേസമയം സമാജ്‌വാദി പാര്‍ട്ടി അംഗങ്ങളായ അബു അസീം അസ്മിയും റായിസ് ഷേഖും സത്യപ്രതിജ്ഞാ ചടങ്ങുകളില്‍ പങ്കെടുത്തു. പുതുതായി തിരഞ്ഞെടുക്കപ്പെട്ട 288 എം.എല്‍.എമാരുടെ സത്യപ്രതിജ്ഞാ ചടങ്ങിനു വേണ്ടിയുള്ള മഹാരാഷ്ട്ര നിയമസഭയുടെ പ്രത്യേക സമ്മേളനം ശനിയാഴ്ച മുതല്‍ മൂന്നുദിവസത്തേക്കാണ് ചേരുന്നത്. ഇ.വി.എമ്മുകള്‍ ഉപയോഗിച്ചുകൊണ്ട് ജനാധിപത്യം കശാപ്പ് ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നതിനാല്‍ ഇന്നത്തെ സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്‌കരിക്കുകയാണെന്ന് ശിവസേന യു.ബി.ടി. നേതാവ് ആദിത്യ താക്കറേ പറഞ്ഞു. മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പുഫലം ജനങ്ങളുടെ വിധിയല്ല. ഇത് ഇ.വി.എമ്മിന്റെയും തിരഞ്ഞെടുപ്പു കമ്മിഷന്റെയും വിധിയാണ്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ന് മുതല്‍ മൂന്നുദിവസം നടക്കുന്ന പ്രത്യേക സഭാ സമ്മേളനത്തിലാണ് മഹാരാഷ്ട്രയിലെ എം.എല്‍.എമാരുടെ സത്യപ്രതിജ്ഞ, സ്പീക്കര്‍ തിരഞ്ഞെടുപ്പ്, വിശ്വാസവോട്ടെടുപ്പ്, ഗവര്‍ണറുടെ അഭിസംബോധന തുടങ്ങിയവ നടക്കുക. മുതിര്‍ന്ന ബി.ജെ.പി. നേതാവ് കാളിദാസ് കൊല്‍ബംഗറാണ് പ്രോ ടേം സ്പീക്കര്‍. ഡിസംബര്‍ അഞ്ചാം തീയതിയാണ് സംസ്ഥാനത്തിന്റെ പുതിയ മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്‌നവിസും ഉപമുഖ്യമന്ത്രിമാരായി ഏക്‌നാഥ് ഷിന്ദേയും അജിത് പവാറും സത്യപ്രതിജ്ഞ ചെയ്തത്.