സാറെയ് കാലെ ഖാൻ ചൗക്ക് ഇനി മുതൽ ‘ബിർസ മുണ്ട ചൗക്ക്’, പ്രതിമ അനാച്ഛാദനം ചെയ്ത് അമിത് ഷാ

ദില്ലിയിലെ സാറെയ് കാലെ ഖാൻ ചൗക്കിന്റെ പേര് പുന:ർനാമകരണം ചെയ്തു. സാറെയ് കാലെ ഖാൻ ചൗക്ക് ഇനി മുതൽ ബിർസ മുണ്ട ചൗക്ക് എന്നാണ് അറിയപ്പെടുക. കേന്ദ്ര നഗരവികസന മന്ത്രി മനോഹർ ലാൽ ഖട്ടറാണ് ഇക്കാര്യം അറിയിച്ചത്. സ്വാതന്ത്ര്യ സമര സേനാനിയും ഗോത്രവർഗ നേതാവുമായിരുന്ന ബിർസ മുണ്ടയുടെ 150-ാം ജന്മവാർഷികത്തോടനുബന്ധിച്ചാണ് പ്രഖ്യാപനം. ചടങ്ങിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ബിർസ മുണ്ടയുടെ പ്രതിമ അനാച്ഛാദനം ചെയ്തു. ഐഎസ്‌ബിടി ബസ് സ്റ്റാൻഡിന് പുറത്തുള്ള വലിയ ചൗക്കാണ് ഇനി മുതൽ ബിർസ മുണ്ട ചൗക്ക് എന്ന് അറിയപ്പെടുക. ഇവിടം സന്ദർശിക്കുന്ന ആളുകൾക്ക് ബിർസ മുണ്ടയെ കുറിച്ച് അറിയാനും അദ്ദേഹത്തിന്റെ ജീവിതത്തിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളാനും സാധിക്കുമെന്നും ഇതുവഴി അദ്ദേഹം ആദരിക്കപ്പെടുമെന്നും മനോഹർലാൽ ഖട്ടർ വ്യക്തമാക്കി. മതപരിവർത്തനത്തിനെതിരെയും ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് വേണ്ടിയും ബിർസ മുണ്ട നടത്തിയ പോരാട്ടങ്ങളെ രാജ്യം നന്ദിയോടെ ഓർക്കുമെന്ന് അമിത് ഷാ പറഞ്ഞു.