കൊച്ചിയിലെ വെള്ളക്കെട്ട്: വിമര്‍ശനവുമായി ഹൈക്കോടതി

കൊച്ചി: കൊച്ചിയിലെ വെള്ളക്കെട്ടിൽ അധികൃതർക്കും, പൊതുജനങ്ങൾക്കുമെതിരെ വിമർശനവുമായി ഹൈക്കോടതി. മഴ വന്ന് ഉച്ചിയിൽ നിൽക്കുമ്പോഴാണോ കാര്യങ്ങൾ ചെയ്യുന്നത് എന്ന് ചോദിച്ച ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ കഴിഞ്ഞ തവണ കാനകൾ ശുചീകരിച്ചത് പോലെ ഇത്തവണയും ഉണ്ടാകുമെന്നാണ് കരുതിയതെന്നും അതുണ്ടായില്ലെന്നും വിമർശിച്ചു. വെള്ളക്കെട്ടിന്‍റെ കാര്യത്തിൽ ജനങ്ങളെയും കുറ്റപറയണമെന്ന് കോടതി അഭിപ്രായപ്പെട്ടു. ടണ്‍ കണക്കിന് പ്ലാസ്റ്റിക് മാലിന്യങ്ങളാണ് കാനകളിൽ നിന്ന് നീക്കം ചെയ്യുന്നത്. ഇന്ന് മാലിന്യങ്ങൾ നീക്കം ചെയ്താൽ നാളെ വീണ്ടും വരുമെന്നതാണ് അവസ്ഥ. ജനങ്ങൾ ഇത് പോലെ ചെയ്താൽ എന്ത് ചെയ്യുമെന്നും ഹൈക്കോടതി ചോദിച്ചു.