സംസ്ഥാനത്ത് വീണ്ടും ബാര്‍ കോഴയ്ക്ക് കളമൊരുങ്ങുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ബാര്‍ കോഴയ്ക്ക് നീക്കമെന്ന് റിപ്പോര്‍ട്ടുകള്‍. തിരഞ്ഞെടുപ്പിന് പിന്നാലെ സംസ്ഥാനത്ത് ഡ്രൈ ഡേ ഒഴിവാക്കുമെന്നും ബാറുകളുടെ സമയം സര്‍ക്കാര്‍ കൂട്ടിനല്‍കുമെന്നും ഇതിനായി കൈക്കൂലി നല്‍കേണ്ടതുണ്ടെന്നും വ്യക്തമാക്കി ബാര്‍ ഉടമ പങ്കുവെച്ച ഓഡിയോ സന്ദേശം പുറത്തുവന്നതിന് പിന്നാലെയാണ് ബാര്‍ കോഴയ്ക്ക് കളമൊരുങ്ങുന്നതായ സൂചനകള്‍ പുറത്തുവന്നത്.
ബാറുടമകള്‍ 2.5 ലക്ഷം രൂപ വീതം പിരിച്ചുനല്‍കണമെന്ന് ആവശ്യപ്പെടുന്ന ഫെഡറേഷന്‍ ഓഫ് കേരള ഹോട്ടല്‍ അസോസിയേഷന്‍ വൈസ് പ്രസിഡന്റ് അനിമോന്‍ വാട്‌സ്ആപ്പിലൂടെ പങ്കുവെച്ച ഓഡിയോ സന്ദേശമാണ് പുറത്തുവന്നത്. സംഭവം വിവാദമായതോടെ ഇത്തരത്തില്‍ ഒരു പണപ്പിരിവില്ലെന്ന് വ്യക്തമാക്കി അസോസിയേഷന്‍ നേതൃത്വം രംഗത്തെത്തി. സംഭവത്തില്‍ ഗൂഢാലോചയുണ്ടെന്നാണ് സര്‍ക്കാര്‍ വാദം. ഗൂഢാലോചനയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് എതിരെ കര്‍ശന നടപടി ഉണ്ടാകുമെന്ന് മന്ത്രി എം.ബി രാജേഷ് വ്യക്തമാക്കി. ആരോപണം തള്ളി മന്ത്രി കെ.ബി ഗണേഷ് കുമാറും രംഗത്തെത്തിയിരുന്നു.